വയോധികനെ മർദിച്ച് സ്വർണവും പണവും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ആലുവ: വയോധികനെ മർദിച്ച് സ്വർണവും പണവും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ചിറ്റൂർ കോളനിക്കൽ വീട്ടിൽ ലിജി (39), ഇടപ്പള്ളി മരോട്ടിച്ചുവട് എറുക്കാട്ട് പറമ്പിൽ ചന്ദ്രൻ (56), കൂനംതൈ നെരിയങ്ങോട് പറമ്പിൽ പ്രവീൺ (43) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

തൃശൂർ കാതികുടം സ്വദേശി ജോസ് (76)നെയാണ് ഇവർ മർദ്ദിച്ചത്. ജോസ് ചിറ്റൂർ ലിജിയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ ഒറ്റയ്ക്ക് വാടകയ്ക്കാണ് താമസിച്ചിരുന്നത്. പുതിയ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ച് സംസാരിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് ആലുവ കെഎസ്ആർടിസി സ്റ്റാന്റിന് സമീപത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ ലിജി ജോസിനെ എത്തിച്ചത്.
തുടർന്ന് ലിജി ഭക്ഷണം വാങ്ങിക്കൊണ്ടുവരാമെന്ന വ്യാജേന പുറത്തേക്ക് പോവുകയും ഈ സമയം ലിജി പറഞ്ഞുറപ്പിച്ച പ്രകാരം കൊട്ടേഷൻ ഏറ്റെടുത്ത ചന്ദ്രനും, പ്രവീണും ജോസിനെ മർദ്ദിച്ച് അഞ്ചരപവന്റെ മാലയും, മൊബൈൽ ഫോണും, പണവും കവരുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയി. പോലീസിന്റെ അന്വേഷണത്തിൽ ലിജിയെ ആലുവയിൽ നിന്നും ചന്ദ്രനേയും പ്രവീണിനേയും ഇടപ്പള്ളിയിൽ നിന്നുമാണ് പിടികൂടിയത്.
ജോസിന്റെ കൈവശം എപ്പോഴും കൂടുതൽ പണമുണ്ടാകുമെന്നും ഇത് തട്ടിയെടുക്കുകയായിരുന്നു ഉദ്ദേശമെന്നും പതിനായിരം രൂപയ്ക്ക് ചന്ദ്രന് ക്വട്ടേഷൻ നൽകിയ ലിജി പോലീസിനോട് പറഞ്ഞു.