തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസക്കിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതിനോട് രൂക്ഷമായി പ്രതികരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ഇത്തരം നീക്കങ്ങൾ ഉണ്ടാവാറുണ്ടെന്നും, ഇത് ഇ.ഡി.യുടെ രാഷ്ട്രീയ കളിയാണെന്നും അദ്ദേഹം ആരോപിച്ചു.(This is ED's political game, MV Govindan on Masala Bond Notice)
"ഒരു ലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് കിഫ്ബി നേതൃത്വം കൊടുത്തിട്ടുള്ളത്. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സഞ്ചരിക്കുമ്പോൾ കിഫ്ബിയുടെ നേട്ടങ്ങൾ കാണാം. കേരളത്തിന്റെ പശ്ചാത്തല സൗകര്യത്തെ ലോകോത്തരമായ രീതിയിൽ വളർത്തിയെടുക്കുന്നതിന് വേണ്ടി പ്രവർത്തിച്ച, 140 നിയോജക മണ്ഡലത്തിലും ഫലപ്രദമായി നിക്ഷേപിച്ച കിഫ്ബിയെ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനം എത്രയോ കാലമായി തുടങ്ങിയിട്ട്," എം.വി. ഗോവിന്ദൻ പറഞ്ഞു.
ഇത് ബി.ജെ.പി.യുടെ രാഷ്ട്രീയ നിലപാടാണ്, കേരളത്തിന്റെ വികസനത്തിന് എതിരായ കടന്നുകയറ്റമാണിത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. "നോട്ടീസ് വരട്ടെ, ഇതിന് മുമ്പ് വന്ന നോട്ടീസിനുമേൽ ഐസക് ചോദിച്ച ചോദ്യത്തിന് ഇതുവരെ ഉത്തരം നൽകിയിട്ടില്ല," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ - FEMA) ലംഘിച്ചു എന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ. ഈ റിപ്പോർട്ടിന്റെ തുടർച്ചയായിട്ടാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ദില്ലിയിലെ അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നൽകാൻ അവസരമുണ്ട്.
ഫെമ നിയമലംഘനം ഉണ്ടെന്ന് തെളിഞ്ഞാൽ കിഫ്‌ബിയിൽ നിന്ന് പിഴ ഈടാക്കും. സമാഹരിച്ച തുകയുടെ പരമാവധി 300 ശതമാനം വരെ പിഴ ചുമത്താൻ അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റിക്ക് കഴിയും. ഇ.ഡിയുടെ റിപ്പോർട്ട് അതോറിറ്റി പരിശോധിക്കും. മുഖ്യമന്ത്രി അടക്കം നാല് എതിർകക്ഷികളുടെ വാദം കേട്ട ശേഷമായിരിക്കും സമിതി തീരുമാനം എടുക്കുക. അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി ഉത്തരവിട്ടാലും കിഫ്‌ബിക്ക് അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണ്.