തിരുവനന്തപുരത്ത് ഓൺലെെൻ ഇടപാടിലൂടെ പെൺവാണിഭം: രണ്ടു പേരേ പൊലീസ് പിടികൂടി

തിരുവനന്തപുരം: വീട് വാടകയ്ക്ക് എടുത്ത് അനാശാസ്യ പ്രവർത്തനം നടത്തിവന്ന സംഘത്തിലെ രണ്ടു പേരെ പോലീസ് പിടികൂടി. പുളിമാത്ത് സ്വദേശി അൽ അമീൻ (26), പേരൂർക്കട സ്വദേശി ലെജൻ (47) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓൺലെെൻ ഇടപാടിലൂടെയാണ് ഇവർ പെൺവാണിഭം നടത്തിയിരുന്നതെന്നാണ് വിവരം.

പണിക്കേഴ്സ് ലെയ്നിലെ വീട് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ഇടപാടുകൾ. ഇതര സംസ്ഥാന സ്വദേശിയായ യുവതിയെ ചൂഷണം ചെയ്താണ് ഈ സംഘം ഇടപാടുകൾ നടത്തിയിരുന്നത്.
ഫോൺ വഴി തങ്ങളുമായി ബന്ധപ്പെടുന്ന ഇടപാടുകാർക്ക് വാട്സാപ്പോ ടെലഗ്രാമോ വഴി യുവതിയുടെ ചിത്രം അയച്ചു കൊടുക്കും. താൽപര്യമുള്ളവരോട് പണം ഓൺലൈൻ വഴി അയക്കാൻ ആവശ്യപ്പെടുകയും പണം അയക്കുന്നതോടെ വരാനുള്ള സ്ഥലവും സമയവും അവരെ അറിയിക്കുകയും ചെയ്യും. പറയുന്ന സ്ഥലത്ത് നിന്നും പ്രതികളുടെ വാഹനത്തിൽ അവരെ വീട്ടിലേക്ക് കൊണ്ടുപോകും. വളരെ കാലമായി ഈ പ്രവർത്തി തുടർന്നു വരികയായിരുന്നു എന്നാണ് ലഭ്യമായ വിവരം.
കുടുംബസമേതം താമസിക്കാൻ എന്ന വ്യാജേനെയാണ് പ്രതികൾ വീട് വാടകയ്ക്ക് എടുത്തത്. വീട്ടുടമസ്ഥനും അയൽക്കാർക്കുമൊന്നും ഇവിടെ പെൺവാണിഭം നടക്കുന്നതായി അറിയില്ലായിരുന്നു. ഇതിനിടെ പരിസരത്ത് നിന്ന് രഹസ്യവിഭാഗം വഴി പൊലീസിന് അനാശാസ്യ സംഘത്തിൻ്റെ സൂചനകളും ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇവിടെ നിരീക്ഷണം ശക്തമാക്കിയിരുന്നു. നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് സംഘം പൊലീസിൻ്റെ പിടിയിലായത്. ഇവരുടെ പിന്നിൽ വലിയ സംഘങ്ങളുണ്ടോയെന്ന കാര്യം പ്രത്യേകം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.