തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ തന്റെ രാഷ്ട്രീയ പ്രവർത്തന മേഖല കോഴിക്കോട് ജില്ലയിലേക്ക് മാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് സി.പി.എം. നേതൃത്വത്തെ ആര്യ അനുമതിക്കായി സമീപിച്ചതായാണ് വിവരം. പാർട്ടി അനുമതി നൽകിയാൽ, ഭാവി രാഷ്ട്രീയ പ്രവർത്തനങ്ങളുടെ കേന്ദ്രം കോഴിക്കോടായിരിക്കും.(Thiruvananthapuram Mayor Arya Rajendran moving to Kozhikode?)
ആര്യാ രാജേന്ദ്രന്റെ ഭർത്താവും ബാലുശേരി എം.എൽ.എയുമായ സച്ചിൻ ദേവും അദ്ദേഹത്തിന്റെ കുടുംബവും കോഴിക്കോട് ജില്ലയിലാണ് താമസിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് പ്രവർത്തന കേന്ദ്രം അവിടേക്ക് മാറ്റാൻ ആര്യ താൽപര്യം അറിയിച്ചത്.
സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആര്യ. ഡി.വൈ.എഫ്.ഐ. സംസ്ഥാന നേതാവ് എന്ന നിലയിൽ കോഴിക്കോട് ഉൾപ്പെടെ മറ്റ് ജില്ലകളിലും അവർ സംഘടനാ പരിപാടികളിൽ സജീവമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മേയർ എന്ന നിലയിലുള്ള ചുമതല അവസാനിച്ചു. ഈ തിരഞ്ഞെടുപ്പിൽ ആര്യ മത്സരിക്കുന്നുമില്ല.
ഇനി നിയമസഭയിലേക്കോ, പാർലമെന്റിലേക്കോ പരിഗണിക്കാനാണ് സാധ്യതയുള്ളതിനാൽ സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകാൻ പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്. മേയറായിരിക്കെ 2022 സെപ്റ്റംബറിലായിരുന്നു ആര്യയുടെ വിവാഹം. അവർക്ക് രണ്ട് വയസുള്ള ഒരു മകളുണ്ട്.