ഇടുക്കി : തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി.2010ലെ യുവജന പ്രാതിനിധ്യം ഇത്തവണ ഉണ്ടായിട്ടില്ലെന്ന് അബിൻ വർക്കി അഭിപ്രായപ്പെട്ടു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരിഗണിച്ചിട്ടുണ്ടെങ്കിലും മുൻവർഷങ്ങളിലുണ്ടായിരുന്ന പ്രാതിനിധ്യം ഇത്തവണയുണ്ടായില്ലെന്ന് അബിൻ വർക്കി ആരോപിച്ചു. തെരഞ്ഞെടുപ്പിൽ പകുതിയെങ്കിലും പ്രാതിനിധ്യം വേണമെന്നായിരുന്നു ആവശ്യം. 2010ൽ കേരളത്തിലെ അൻപത് ശതമാനം സീറ്റുകളിലും യുവജന പ്രാതിനിധ്യം ഉറപ്പുവരുത്തിയതിനാലാണ് അന്ന് വൻ വിജയം നേടാനായതെന്നും യുവജന പ്രാതിനിധ്യം കേവലം തോൽക്കുന്ന സീറ്റുകളിലോ മറ്റിടങ്ങളിലോ ആകരുതെന്ന അഭ്യർത്ഥനയുണ്ട്. കേരളത്തിൽ ശക്തമായ യുഡിഎഫ് അനുകൂല വികാരമാണുള്ളത്. മറ്റു കാലങ്ങളിൽ കാണാത്ത മുന്നൊരുക്കമാണ് യുഡിഎഫ് നടത്തുന്നതെന്നും അബിൻ വർക്കി വ്യക്തമാക്കി.
ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ എൻ വാസുവാണെന്ന് ആദ്യമേ പറഞ്ഞിരുന്നുവെന്നും അത് അറസ്റ്റോടെ വ്യക്തമായെന്നും അബിൻ തുറന്നടിച്ചു. വാസുവിൽ നിന്ന് വാസവനിലേക്ക് അധികം ദൂരമില്ലെന്നും മന്ത്രി വിഎൻ വാസവനെ ചൂണ്ടിക്കാട്ടി അബിൻ പരിഹസിച്ചു.