കോഴിക്കോട്: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മികച്ച അന്വേഷണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ അന്വേഷണത്തിൽ ഹൈക്കോടതി തന്നെ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോലുള്ള കേന്ദ്ര ഏജൻസികളുടെ ഇടപെടലിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(There is no need for ED to come, CM on Sabarimala gold theft case)
പാർട്ടി ആരെയും സംരക്ഷിക്കില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിൽ നിന്നുള്ള എം.പിമാരുടെ പ്രവർത്തനത്തെക്കുറിച്ച് പൊതു സംവാദത്തിന് താൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. "എം.പിമാരുടെ പ്രവർത്തനത്തെക്കുറിച്ച് ചർച്ച നടത്താൻ സമയവും സ്ഥലവും തീരുമാനിച്ചാൽ മതി," അദ്ദേഹം വെല്ലുവിളിച്ചു.
അതിദാരിദ്ര്യ മുക്തിയുമായി ബന്ധപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി. പാർലമെന്റിൽ ഉന്നയിച്ച ചോദ്യം യു.ഡി.എഫിന്റെ 'കുബുദ്ധി'യുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇക്കാര്യത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പോലുള്ളവർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജമാഅത്തെ ഇസ്‌ലാമി നേതാക്കളുമായുള്ള കൂടിക്കാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ശരിവെച്ചു. തന്നെ കാണണമെന്ന് അവർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കൂടിക്കാഴ്ച നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച 'മീറ്റ് ദി ലീഡർ' പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ തുറന്നുപറച്ചിൽ. സോളിഡാരിറ്റിക്കെതിരെ രൂക്ഷ വിമർശനം: കൂടിക്കാഴ്ചയുടെ സമയത്ത് സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാർ തന്നെ കാണാൻ വന്നിരുന്നു എന്നും, അന്ന് അവരെ മുഖത്തുനോക്കി വർഗ്ഗീയ വാദികളെന്ന് താൻ വിളിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടിക്കാഴ്ച നടന്നത് എ.കെ.ജി. സെന്ററിൽ വെച്ചായിരുന്നു.
"ആരും ജമാഅത്തെ ഇസ്‌ലാമിയെ ശുദ്ധീകരിക്കാൻ നോക്കണ്ട," എന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ജമാഅത്തെ ഇസ്‌ലാമിക്ക് അനുകൂലമായ ഒരു നിലപാടും എൽ.ഡി.എഫ്. ഒരു ഘട്ടത്തിലും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 1992-ൽ കോൺഗ്രസ് സർക്കാരിന് ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കേണ്ടി വന്നതിൽ പ്രതിഷേധിച്ചാണ് 1996-ലെ തിരഞ്ഞെടുപ്പിൽ അവർ എൽ.ഡി.എഫിന് വോട്ട് ചെയ്തത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരിക്കെ, ജമാഅത്തെ ഇസ്‌ലാമി ഒരു വർഗ്ഗീയ സംഘടനയാണെന്ന് യു.ഡി.എഫ്. സർക്കാർ സത്യവാങ്മൂലം നൽകിയിരുന്ന കാര്യവും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പുതിയ വിവരങ്ങൾ പുറത്തുവിട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംഭവം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) കത്ത് നൽകിയ ചെന്നിത്തല, ശബരിമല സ്വർണക്കൊള്ളയിൽ പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് 500 കോടി രൂപയുടെ ഇടപാട് നടന്നതായി ചെന്നിത്തല കത്തിൽ ആരോപിക്കുന്നു.
കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ താൻ തയ്യാറാണ്. ഇതേക്കുറിച്ച് നേരിട്ട് അറിവുള്ള ഒരു വ്യക്തിയെ അന്വേഷണവുമായി സഹകരിപ്പിക്കാമെന്നും അദ്ദേഹം ഉറപ്പുനൽകി. ഇയാൾ പൊതുജനത്തിന് മുന്നിൽ വന്ന് കാര്യങ്ങൾ വെളിപ്പെടുത്താൻ തയ്യാറല്ലെങ്കിലും അന്വേഷണ സംഘത്തോടും കോടതിയിലും മൊഴി നൽകാൻ സന്നദ്ധനാണെന്നും ചെന്നിത്തല അറിയിച്ചു. സംസ്ഥാനത്തെ ചില വ്യവസായികൾക്കും റാക്കറ്റുകൾക്കും സ്വർണ്ണക്കൊള്ളയുമായി ബന്ധമുണ്ടെന്നും, ദേവസ്വം ബോർഡിലെ ചില ഉന്നതർക്ക് ഈ റാക്കറ്റുമായുള്ള ബന്ധം അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തലയുടെ കത്തിൽ ആവശ്യപ്പെടുന്നു. താൻ സ്വതന്ത്രമായി പരിശോധിച്ചതിന് ശേഷമാണ് ഇത്തരം വിവരങ്ങൾ വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.