സൂപ്പർ മാർക്കറ്റുകളുടെ പൂട്ടുമുറിച്ച് മോഷണം; പണവും സ്വർണാഭരണവും കവർന്നു
Sep 5, 2023, 19:43 IST

കാഞ്ഞങ്ങാട്: പരപ്പയിൽ രണ്ട് സൂപ്പർ മാർക്കറ്റുകൾ കുത്തിത്തുറന്ന് കവർച്ച. ഫാമിലി ഹൈപർ മാർക്കറ്റിലും അഞ്ചരക്കണ്ടി സൂപ്പർ മാർക്കറ്റിലുമാണ് കവർച്ച നടത്തിയത്. ഞായറാഴ്ച രാത്രിയാണ് കവർച്ച നടന്നത്. തിങ്കളാഴ്ച രാവിലെയാണ് കവർച്ച വിവരം അറിയുന്നത്. പൂട്ട് തകർത്ത് മോഷ്ടാക്കൾ അകത്തുകയറുകയായിരുന്നു. ഫാമിലി ഹൈപർ മാർക്കറ്റിൽനിന്ന് പണവും സ്വർണാഭരണവും നഷ്ടപ്പെട്ടിട്ടുണ്ട്. അഞ്ചരക്കണ്ടി സുപ്പർ മാർക്കറ്റിലും കള്ളൻ കയറിയിരുന്നെങ്കിലും കാര്യമായ നഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. ഹൈപർ മാർക്കറ്റിൽനിന്ന് 53000 രൂപയും സ്വർണ ചെയിനുമാണ് മോഷണം പോയത്. മേശ വലിപ്പിൽ നിന്നാണ് പണവും ആഭരണവും കവർന്നത്.
വെള്ളരിക്കുണ്ട് പൊലീസും സ്ഥാപന ഉടമകളുമെത്തി നടത്തിയ പരിശോധനയിലാണ് പണവും ആഭരണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സംഭവത്തിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.