വയനാട്ടിൽ ദിവസങ്ങളായി ഭീതി പരത്തിയ കടുവ ഒടുവിൽ കൂട്ടിലായി
Sep 4, 2023, 10:55 IST

സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴ മൂലങ്കാവ് എറളോട്ടുകുന്നിൽ ദിവസങ്ങളായി ഭീതി പരത്തിയ കടുവ ഒടുവിൽ കൂട്ടിലായി. എറളോട്ടുകുന്നിൽ വനം വകുപ്പ് സ്ഥാപിച്ച കെണിയിലാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് കടുവ കുടുങ്ങിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കടുവയെ പരിശോധനക്ക് വേണ്ടി മുത്തങ്ങയിലേക്ക് കൊണ്ടുപോയി.മൂന്ന് ദിവസം മുമ്പാണ് കൂട് സ്ഥാപിച്ചത്. രണ്ട് കൂടുകളാണ് സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ശനിയാഴ്ച രാത്രി മാത്രമാണ് പ്രദേശത്ത് കടുവയുടെ സാന്നിധ്യമില്ലാതിരുന്നത്. കഴിഞ്ഞ ദിവസം വളര്‍ത്തുനായയെ പിടികൂടിയിരുന്നു.