തിരുവനന്തപുരം: പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിലെ നിയമനടപടികളെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നതായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. "രാജ്യത്ത് നിയമം ഉണ്ടല്ലോ. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. പൂർണ്ണമായും സ്വാഗതം ചെയ്യുന്നു," അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.(The propaganda that a section of leaders is providing protection is wrong, KC Venugopal on Rahul Mamkootathil issue)
രാഹുലിന് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളാണ് സംരക്ഷണം ഒരുക്കുന്നത് എന്ന പ്രചാരണം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി. "ഈ സംഭവം ഉണ്ടായപ്പോൾത്തന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാഹുലിനെ മാറ്റുകയും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ഉണ്ടായി. പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയെന്ന് പറഞ്ഞാൽ കടുത്ത നടപടിയാണ്." നിയമസഭ നടക്കുമ്പോൾ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ അദ്ദേഹം ഉണ്ടായിരുന്നില്ല.
ആരോപണം വന്ന ഒരാൾക്കെതിരെ എടുക്കാനാകുന്നതിന്റെ പരമാവധി നടപടിയാണ് കോൺഗ്രസ് പാർട്ടി എടുത്തിരിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. സമാനമായ ആരോപണം മറ്റു പാർട്ടികളിൽ വന്നപ്പോൾ എന്താണ് സംഭവിച്ചതെന്ന് മാധ്യമപ്രവർത്തകരോട് ചോദിച്ചുകൊണ്ട് അദ്ദേഹം പരോക്ഷമായി മറ്റ് പാർട്ടികളുടെ നിലപാടിനെ വിമർശിച്ചു.
രാഹുലുമായി ബന്ധപ്പെട്ട കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. മറ്റു കാര്യങ്ങളെന്തെങ്കിലും ഉണ്ടെങ്കിൽ കേരളത്തിലെ കോൺഗ്രസ് അന്വേഷിക്കട്ടെ. പാർട്ടി സസ്പെൻഡ് ചെയ്ത ഒരാൾ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നും കെ.സി. വേണുഗോപാൽ വിശദീകരിച്ചു.