വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിന പ്രതിപക്ഷ നേതാവിനെ സന്ദർശിച്ചു
Sep 10, 2023, 08:12 IST

കോഴിക്കോട്: വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിനയുടെ വിഷയം ശ്രദ്ധയിൽപെടുത്താൻ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും നേരിട്ടുകാണുമെന്ന് വി.ഡി. സതീശൻ. ഇക്കാര്യം നിയമസഭയിലും ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനം നടത്തിയ ഹോട്ടലിലെത്തി ഹർഷിനയും സമരസമിതി പ്രവർത്തകരും പ്രതിപക്ഷ നേതാവിനെ സന്ദർശിച്ചു. സമരത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
വർഷങ്ങളായി ഒരു പെൺകുട്ടി ഇത്രയും ദുരിതം അനുഭവിക്കുമ്പോൾ എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കാനാവുന്നത്? 50 ലക്ഷമാണ് അവർ ചോദിച്ചത്. ഹർഷിന അനുഭവിച്ച യാതനയും സാമ്പത്തിക നഷ്ടങ്ങളുമൊക്കെ പരിഗണിച്ചാൽ അതൊന്നും ഒന്നുമാകില്ല. എങ്കിലും, അവർ ആവശ്യപ്പെട്ടതെങ്കിലും നൽകാൻ സർക്കാർ തയാറാവണം. പൊലീസ് പ്രതികളെ കണ്ടെത്തിയിട്ടും ആരോഗ്യ വകുപ്പ് അനങ്ങാതിരിക്കുന്നത് വിചിത്രമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
