ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സഹോദരിമാർ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം; കൊല കവര്‍ച്ചാ ശ്രമത്തിനിടെ

ഷൊർണൂർ സ്വദേശിനികളായ പത്മിനി (25), തങ്കം (22) എന്നിവരെ ഇന്നലെ ഉച്ചയോടെയാണ് പൊള്ളലേറ്റ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നു പുക ഉയരുന്ന ശബ്ദം കേട്ടാണ് നാട്ടുകാർ വീട്ടിലേക്ക് ഓടിയെത്തിയത്. ഇവർ ഒറ്റക്കാണ് വീട്ടിലുണ്ടായിരുന്നത്. അഗ്നിരക്ഷാസേനയെത്തി തീയണക്കാന്‍ ശ്രമിക്കുമ്പോഴാണ് ഒരാള്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങിപ്പോകുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് ഇയാളെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സഹോദരിമാര്‍ ആത്മഹത്യാശ്രമം നടത്തുന്നത് കണ്ട് അത് തടയാനായി എത്തിയതാണ് എന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. തീപ്പൊള്ളലേറ്റിട്ടില്ലെങ്കിലും ഇയാളുടെ മുഖമുള്‍പ്പെടെ മുറിവേറ്റ് രക്തം ഒഴുകുന്ന നിലയിലായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധിക്കുന്നതിനിടയിൽ സ്വകാര്യ ഭാഗത്ത് സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തി. വിശദമായി ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ പട്ടാമ്പി സ്വദേശിയായ ഇയാളുടെ പേരില്‍ പട്ടാമ്പി, തൃത്താല പൊലീസ് സ്റ്റേഷനില്‍ കേസുള്ളതായും കണ്ടെത്തിയിട്ടുണ്ട്.