

പത്തനംതിട്ട: നഴ്സിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റലിന് മുകളില്‍ നിന്ന് വീണുമരിച്ച സംഭവത്തില്‍ പോലീസ് ഇന്ന് സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിരേഖപ്പെടുത്തും . കോളജിലെ മുഴുവന്‍ വിദ്യാര്‍ഥികളും ഇന്ന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ പ്രഫ.എന്‍. അബ്ദുല്‍ സലാം നിര്‍ദേശം നല്‍കിയിട്ടുണ്ട്. (nursing student suicide)
സഹപാഠികളില്‍നിന്ന് മാനസിക പീഡനം നേരിടുന്നുവെന്നാരോപിച്ച് ഒരാഴ്ചമുമ്പ് അമ്മുവിന്റെ അച്ഛന് സജീവ് പ്രിന്‍സിപ്പലിന് ഇ-മെയിലിലൂടെ പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് മൂന്നു സഹപാഠികള്‍ക്ക് മെമ്മോ നല്കി അവരില്‍നിന്ന് വിശദീകരണം തേടി. അന്വേഷണത്തിന് അധ്യാപക സമിതിയെ നിയമിച്ചു.
ചുട്ടിപ്പാറ സ്കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനിലെ നാലാംവര്‍ഷ വിദ്യാര്‍ഥി തിരുവനന്തപുരം അയിരൂപാറ രാമപുരത്ത്ചിറ ശിവപുരം വീട്ടില്‍ അമ്മു എ. സജീവ് (22) ആണ് വെള്ളിയാഴ്ച രാത്രി ഏഴോടെ താഴേവെട്ടിപ്പുറത്തുള്ള സ്വകാര്യ വനിതാ ഹോസ്റ്റലിന്റെ മുകളില്‍നിന്ന് വീണത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.