വന്‍കിട പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല; സംസ്ഥാന സര്‍ക്കാരിന്റെ ഭരണനിര്‍വഹണത്തെ അടിമുടി വിമര്‍ശിച്ച് തോമസ് ഐസക്

പാര്‍ട്ടി മുഖപ്രസിദ്ധീകരണമായ ചിന്താ വാരികയില്‍ എഴുതിയ ലേഖനത്തിലാണ് ഐസക് ഈകാര്യങ്ങൾ തുറന്നടിച്ചത്. അധികാര വികേന്ദ്രീകരണം വീണ്ടും ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റാനുള്ള പരിശ്രമം വിജയം കണ്ടില്ലെന്നും ഐസക് പറയുന്നു. സന്നദ്ധ പ്രവര്‍ത്തകരെ അപമാനിച്ച് പിരിച്ചുവിട്ടതെല്ലാം ദോഷകരമായി ബാധിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ വ്യവസായ വളര്‍ച്ചയും ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെയും താരതമ്യം ചെയ്യുമ്പോള്‍ കേരളം വളരെ പിന്നിലാണെന്നും ലേഖനത്തില്‍ വിമർശിക്കുന്നു. ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട് നീണ്ടനിര പ്രശ്നങ്ങളുണ്ടെന്നും സേവനമേഖലകളെക്കുറിച്ച് ജനങ്ങളുടെ പരാതികള്‍ വര്‍ധിച്ച് വരികയാണെന്നും ഐസക് കുറ്റപ്പെടുത്തി.

കാര്‍ഷികമേഖലയിലെ വളര്‍ച്ച മുരടിച്ചു, വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചു, കാലഹരണപ്പെട്ട ചട്ടങ്ങള്‍ മാറ്റാന്‍ പോലീസ് തയാറാകുന്നില്ല, റെഗുലേറ്ററി വകുപ്പുകള്‍ ജനവിരുദ്ധമായി എന്നിങ്ങനെ പോകുന്നു മറ്റു വിമര്‍ശനങ്ങള്‍. കാര്‍ഷിക മേഖലയിലെ വളര്‍ച്ച രൂക്ഷമായ മുരടിപ്പില്‍ തുടരുകയാണ്. പ്രതികൂലമായ കമ്പോള സ്ഥിതിയാണ് അടിസ്ഥാന കാരണമെന്നും ഇതിനെ മറികടക്കാന്‍ ഉത്പാദനക്ഷമതയും ഉത്പാദനവും ഉയര്‍ത്തുന്നതിനുള്ള പാക്കേജ് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നില്ലെന്നും ഐസക് വ്യക്തമാക്കി.
പുതുപ്പള്ളിയിലെ ജനവിധിക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ലേഖനം പുറത്തുവന്നത് വ്യാപകമായ ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മാത്രമല്ല,പുതുപ്പള്ളിയില്‍ വികസന പ്രശ്നങ്ങള്‍ ഉയര്‍ത്താന്‍ സിപിഎം നിയോഗിച്ച നേതാവ് കൂടിയാണ് ഐസക്.