ബൈക്കിലെത്തി മാല കവരുന്ന സംഘം വിലസുന്നു; നാട്ടുകാർ ഭീതിയിൽ
Sep 18, 2023, 08:50 IST

കൊല്ലങ്കോട്: ബൈക്കിലെത്തി മാല കവരുന്ന സംഘം വിലസുന്നത് നാട്ടുകാരെ ഭീതിയിലാക്കുന്നു. രണ്ട് മാസത്തിനിടെ നാല് പേരുടെ മാലയാണ് വ്യത്യസ്ത സ്ഥലങ്ങളിലായി ബൈക്കിലെത്തിയവർ കവർന്നത്. കഴിഞ്ഞ ദിവസം എലവഞ്ചേരിയിൽ കാൽനട യാത്രക്കാരിയുടെ മൂന്ന് പവന്റെ മാല ബൈക്കിലെത്തി പൊട്ടിക്കുന്നതിനിടെ ഒരു പവൻ വരുന്ന മാലയുടെ ഭാഗം നഷ്ടപ്പെട്ടിരുന്നു. എലവഞ്ചേരി പടിഞ്ഞാമുറിയിൽ സജീവിന്റെ ഭാര്യ ആദിഷയുടെ (28) മാലയുടെ ഭാഗമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച ബൈക്കിലെത്തി വഴി ചോദിച്ച യുവാവും യുവതിയും വൃദ്ധയുടെ രണ്ട് പവൻ സ്വർണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടിരുന്നു. പല്ലശ്ശന പടിഞ്ഞാറെ ഗ്രാമത്തിൽ താമസിക്കുന്ന ആർ. കാളിയുടെ (78) മാലയാണ് തട്ടിയെടുത്തത്. സെപ്റ്റംബർ ഒന്നിന് ചെങ്ങംപൊറ്റ ദേവകിയുടെ (80) രണ്ട് പവൻ സ്വർണമാലയും ബൈക്കിൽ എത്തിയ രണ്ടുപേർ കവർന്നിരുന്നു. സംഭവത്തിൽ കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല.