യുവാക്കളെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒരാള്‍കൂടി അറസ്റ്റിൽ

കറുകച്ചാൽ: യുവാക്കളെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെകൂടി അറസ്റ്റ് ചെയ്തു. മാടപ്പള്ളി പെരുമ്പനച്ചി മാടപ്പള്ളി അമ്പലം കിഴക്കേപുരക്കൽ വീട്ടിൽ വിഷ്ണു ഹരികുമാറിനെയാണ് (23) കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 29നാണ് സംഘം ചേർന്ന് കറുകച്ചാൽ പച്ചിലമാക്കൽ ഭാഗത്ത് വഴിയിൽ നിൽക്കുകയായിരുന്ന യുവാക്കളെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. വഴിയിൽ നിന്ന യുവാക്കളുമായി വാക്തർക്കം ഉണ്ടാവുകയും തുടർന്ന് ഇവർ സംഘംചേർന്ന് കമ്പിവടിയും മറ്റുമായി ആക്രമിക്കുകയുമായിരുന്നു.

പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയും ജിബിൻ ജോസഫ്, അഖിൽ ലാലിച്ചൻ, സബ്ജിത് ബാബുരാജ്, ബിബിൻ ആന്റണി എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു ഹരികുമാറിനെ അറസ്റ്റ് ചെയ്തത്. കറുകച്ചാൽ എസ്.എച്ച്.ഒ മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.