കാർ നിയന്ത്രണംവിട്ട് വീടിനുള്ളിലേക്ക് ഇടിച്ചുകയറി; വൻ ദുരന്തം ഒഴിവായി
Sep 7, 2023, 21:32 IST

കുന്നംകുളം: കിഴൂര്‍ രാജധാനി റോഡിനുസമീപം അമിതവേഗത്തില്‍ വന്ന സ്വിഫ്റ്റ് കാര്‍ നിയന്ത്രണംവിട്ട് വീടിനുള്ളിലേക്ക് ഇടിച്ചുകയറി. വീടിനും വീട്ടിലെ വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. കുന്നംകുളത്തുനിന്ന് പാലപ്പെട്ടി ഭാഗത്തേക്ക് പോയ കാറാണ് അപകടത്തിൽപെട്ടത്. കാറില്‍ നാല് യുവാക്കളാണുണ്ടായിരുന്നത്. എതിരെ വന്ന മറ്റൊരു വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ അമിത വേഗത്തില്‍ വന്ന കാര്‍ പെട്ടെന്ന് ബ്രേക്കിട്ടതോടെ നിയന്ത്രണംവിട്ട് തിരിഞ്ഞ് വീടിന്റെ ഗേറ്റ് ഇടിച്ചുതകര്‍ത്താണ് ഉള്ളിലേക്ക് പ്രവേശിച്ചത്. കിഴൂര്‍ ആവേന്‍ വീട്ടില്‍ പ്രേംലാൽ, സഹോദരന് സുധേഷ് എന്നിവരുടെ വീടുകളുടെ ഇരുമ്പ് ഗേറ്റ് ഇടിച്ചുവീഴ്ത്തിയ ശേഷം കാര്‍ഷെഡില്‍ നിര്‍ത്തിയിട്ട കാറും സ്കൂട്ടറും ഇടിച്ചുതകര്‍ത്തു. വീടിന്റെ ഉമ്മറത്തെ കോണ്‍ക്രീറ്റ് ചാരുപടിയും ഇടിച്ചുതകര്ത്തിട്ടുണ്ട്. സംഭവസമയം വീടുകൾക്ക് മുന്നിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.