Times Kerala

 ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

 
 ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു
 തിരുവനന്തപുരം: ജമ്മു കശ്മീരിലെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ എച്ച് വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. രാത്രി ഒമ്പതരയോടെയാണ് വൈശാഖിന്റെ ഭൗതിക ശരീരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ധനമന്ത്രിമന്ത്രി കെഎന്‍ ബാലഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ ഭൗതിക ശരീരത്തിൽ അന്തിമോപചാരമര്‍പ്പിച്ചു. പാങ്ങോട് സൈനിക ആശുപത്രിയിൽ ഇന്ന് മൃതദേഹം സൂക്ഷിക്കും. തുടർന്ന് നാളെ രാവിലെ ജന്മനാടായ കുടവട്ടൂരിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ തിങ്കളാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലം വെളിയം കുടവട്ടൂര്‍ ആശാന്‍മുക്ക് ശില്‍പാലയത്തില്‍ വൈശാഖ്(24) ഉള്‍പ്പെടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചത്. ഹരികുമാര്‍-ബീനകുമാരി ദമ്പതിമാരുടെ മകനായ വൈശാഖ് പതിനെട്ടാം വയസ്സിലാണ് കരസേനയില്‍ ചേര്‍ന്നത്. മറാഠ റെജിമെന്റില്‍ ആയിരുന്നു സേവനം അനുഷ്ടിച്ചിരുന്നത്. ഏഴുമാസം മുമ്പാണ് പഞ്ചാബില്‍നിന്ന് കശ്മീരില്‍ എത്തിയത്. രണ്ടുമാസംമുമ്പ് അവധിക്ക് വീട്ടില്‍ വന്നിരുന്നു. ശില്‍പ സഹോദരിയാണ്. 

Related Topics

Share this story