Times Kerala

 'മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായമണി, പാര്‍ട്ടിക്ക് ബംഗാളിലെ സ്ഥിതി വരും' ; രൂക്ഷ വിമര്‍ശനവുമായി എംഎ ബേബിയുടെ ലേഖനം

 
സാദ്
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെറ്റ വന്‍ തിരിച്ചടിക്ക് പിന്നാലെ  രൂക്ഷ വിമര്‍ശനങ്ങളുമായി മുതിർന്ന സിപിഎം നേതാവ് എം.എ.ബേബി. ഇടതുപക്ഷത്തിന്റെ അപായമണിയാണ് ഇപ്പോള്‍ മുഴങ്ങുന്നതെന്നും ഈ രീതിയില്‍ മുമ്പോട്ട് പോയാല്‍ പാര്‍ട്ടിക്ക് ബംഗാളിലെ സ്ഥിതി വരുമെന്നുമായിരുന്നു അദ്ദേഹം പച്ചക്കുതിര മാസികക്ക് നല്‍കിയ ലേഖനത്തില്‍ പറയുന്നത്. പാര്‍ട്ടിയേയും സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും  രൂക്ഷമായ ഭാഷയിൽ തന്നെയാണ് അദ്ദേഹം ലേഖനത്തിലൂടെ വിമർശിക്കുന്നത്.സിപിഎമ്മിന്റെ ബഹുജനസ്വാധീനം വന്‍തോതില്‍ ഇടിഞ്ഞതായും തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വി ഇത് സൂചിപ്പിക്കുന്നതാണെന്നും 'തെറ്റുകളും തിരുത്തുകളും ഇടതുപക്ഷം' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പുകളില്‍ സിപിഎം മുമ്പും തോറ്റിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോള്‍ നേരിട്ട തിരിച്ചടി അത് കൃത്യമായ സൂചനയാണെന്ന വീക്ഷണമാണ് ലേഖനത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്.മാധ്യമങ്ങളെ പാര്‍ട്ടി അകറ്റി നിര്‍ത്തിയതും തിരിച്ചടിയായെന്നും,  'കടക്കുപുറത്ത്' എന്നത് പിണറായി ശൈലിയായി മാറിയെന്നും സംഘടനാ വീഴ്ചയ്‌ക്കൊപ്പം വാക്കും പ്രവര്‍ത്തിയുമെല്ലാം തിരിച്ചടിക്ക് കാരണമായതായും ലേഖനത്തിൽ പറയുന്നു. വെറും 17 വര്‍ഷം കൊണ്ടാണ് ബംഗാളില്‍ സിപിഎം ഈര്‍ക്കില്‍ പാര്‍ട്ടിയായത്. 45 ശതമാനം വോട്ടുകളുമായി ബംഗാളില്‍ സംസ്ഥാനം ഭരിച്ചിരുന്ന പാര്‍ട്ടി ഇപ്പോള്‍ വെറും ആറു ശതമാനം വോട്ടിലേക്ക് വീണുപോയത് നമുക്ക് മുന്നിലുണ്ടെന്നും പിഴവുകള്‍ അടിയന്തിരമായി പരിഹരിക്കണമെന്നും കാലഘട്ടത്തിന് അനുസൃതമായി മുദ്രാവാക്യം മാറുന്നില്ലെന്നും ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം, സംസ്ഥാന സെക്രട്ടേറിയേറ്റും സംസ്ഥാനസമിതിയുമൊക്കെ ചേരാനിരിക്കെ സിപിഎമ്മില്‍ ഇത് വലിയ ചര്‍ച്ചയാകും.  

Related Topics

Share this story