വയനാട് : ജില്ലയിലെ ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാളെ കാപ്പ ചുമത്തി നാടുകടത്തി. പനമരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ.പി. മനോജിനെയാണ് (41) വയനാട് ജില്ലയിൽ നിന്ന് മൂന്ന് മാസത്തേക്ക് പുറത്താക്കിയത്.(The accused in several cases was deported in Wayanad)
ലഹരി ഉപയോഗം, ലഹരിക്കടത്ത്, അബ്കാരി കേസുകൾ, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ വ്യക്തിയാണ് പനമരം പരക്കുനിപൊയിൽ വീട്ടിൽ താമസിക്കുന്ന കെ.പി. മനോജ്. ഇയാൾ മുൻകാലങ്ങളിലും കാപ്പ നിയമ നടപടികൾക്ക് വിധേയനായിട്ടുണ്ട്.
വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്രയുടെ ഉത്തരവ് പ്രകാരമാണ് നടപടി. 2007-ലെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (KAAPA)- 15(1) (എ) വകുപ്പ് പ്രകാരം മൂന്ന് മാസക്കാലത്തേക്ക് മനോജിന് വയനാട് ജില്ലയിൽ പ്രവേശിക്കാൻ വിലക്കുണ്ട്. ഉത്തരവ് ലംഘിച്ചാൽ കൂടുതൽ നിയമനടപടികൾ നേരിടേണ്ടി വരും.
അതിനിടെ, സുൽത്താൻബത്തേരിയിൽ യുവാവിനെ കത്തികൊണ്ട് വെട്ടിയും കമ്പിവടി കൊണ്ടടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ കൊടുംകുറ്റവാളി പിടിയിലായി. ബത്തേരി പുത്തൻകുന്ന് പാലപ്പട്ടി വീട്ടിൽ പി.എൻ. സംജാദ് (32) നെയാണ് ബത്തേരി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.