ജോലി വാഗ്ദാനം ലക്ഷങ്ങള്‍ തട്ടിയ തമിഴ്നാട് സ്വദേശി പിടിയില്‍
Nov 18, 2023, 20:36 IST

മീനങ്ങാടി: ജോലി വാഗ്ദാനം ചെയ്ത് ആറു ലക്ഷം രൂപ തട്ടിയെടുക്കുകയും വിസയില്ലാതെ മലേഷ്യയിലേക്ക് കടത്തിവിട്ടതിനെ തുടര്‍ന്ന് മൂന്നു യുവാക്കളെ അവിടുത്തെ ജയിലിലാക്കുകയും ചെയ്ത കേസിൽ തമിഴ്നാട് സ്വദേശിയെ പൊലീസ് പിടികൂടി. ഗൂഡല്ലൂര്‍ ഒന്നാംമൈല്‍ അന്‍വര്‍ സാദത്തിനെ (38) ആണ് മീനങ്ങാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബിജു ആന്റണിയും സംഘവും പിടികൂടിയത്. തനിക്കെതിരെ കേസെടുത്തതറിഞ്ഞ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്ന അന്‍വറിനെ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്നാണ് കസ്റ്റഡിയിടെുത്തത്.
മീനങ്ങാടി അപ്പാട് സ്വദേശിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് മനുഷ്യക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്നും അന്വേഷിച്ചു വരുകയാണ്. പരാതിക്കാരന്റെ മകനും സുഹൃത്തുക്കളുടെ മക്കള്‍ക്കും ജോലി വാഗ്ദാനം ചെയ്ത് ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി പല തവണകളായി ആറ് ലക്ഷം രൂപയാണ് അന്‍വര്‍ സാദത്ത് വാങ്ങിയത്. സബ് ഇന്‍സ്പെക്ടര്‍ സി. രാംകുമാര്‍, സീനിയര്‍ സി.പി.ഒമാരായ ആര്. രതീഷ്, കെ.ടി. പ്രവീണ്‍, സി.പി.ഒമാരായ ഭരതന്, അര്ജുന് തുടങ്ങിയവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
