താലൂക്ക് ആസ്ഥാന മന്ദിരം: 12.422 കോടി രൂപയുടെ രണ്ടാംഘട്ട ഭരണാനുമതി

കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരം നിർമ്മാണത്തിന് 12.422 കോടി രൂപയുടെ രണ്ടാംഘട്ട ഭരണാനുമതി കൂടി ലഭ്യമായി. ഒന്നാംഘട്ടവും രണ്ടാംഘട്ടവും ഒരുമിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണം ദ്രുതഗതിയിലാക്കാനാണ് തീരുമാനം.
എസി മൊയ്തീൻ എംഎൽഎ മന്ത്രിയായിരിക്കെ നടത്തിയ ശ്രമഫലമായാണ് കുന്നംകുളത്തിന് താലൂക്ക് കെട്ടിടം നിർമ്മിക്കാൻ അനുമതി ലഭിച്ചത്. സംസ്ഥാന ബജറ്റിൽ 20 കോടി രൂപ രണ്ട് ഘട്ടങ്ങളിലായി പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി പ്രഖ്യാപിച്ചതിനേക്കാള്‍ അധിക തുക അനുവദിക്കണമെന്ന് പൊതുമരാമത്ത് വിഭാഗം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എംഎല്‍എ ഇടപെട്ടാണ് ഇപ്പോള്‍ അധിക തുകയ്ക്ക് ഭരണാനുമതി ലഭിച്ചത്. ആകെ 22.422 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

കുന്നംകുളം നഗരസഭാ പ്രദേശത്തെ കുറുക്കൻ പാറയിൽ നാലേക്കർ സ്ഥലത്താണ് നവീന രീതിയിലുള്ള താലൂക്ക് ആസ്ഥാന മന്ദിരം പണിയുന്നത്. കെട്ടിടം പണിയുന്നതിനു മുന്നോടിയായി 1.6 കോടി രൂപ ചിലവിൽ ചുറ്റുമതിൽ നിർമ്മാണം പുരോഗമിക്കുകയാണ്. നാല് നിലയിൽ നിർമ്മിക്കുന്ന കെട്ടിടത്തിനുള്ളിൽ നിശ്ചിത സ്ഥലത്ത് വിവിധ ഓഫീസുകളെ ഉൾപ്പെടുത്തും. വീഡിയോ കോൺഫറൻസ് ഹാൾ ഉൾപ്പെടെയാണ് സജ്ജമാക്കുന്നത്.