അങ്കമാലി -ശബരി പാതയുടെ സര്‍വേ: സ്ഥാപിച്ചത് ഗ്രൗണ്ട് കണ്‍ട്രോള്‍ പോയിന്റുകള്‍

അങ്കമാലി -ശബരി പാത
 

തിരുവനന്തപുരം: അങ്കമാലി-ശബരി റെയില്‍പ്പാതയുടെ നിര്‍മാണത്തിനു മുന്നോടിയായി ലിഡാര്‍ സര്‍വേ നടത്തുന്നതിന് കേരള റെയില്‍ ഡവലപ്മന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെ-റെയില്‍) ഗ്രൗണ്ട കണ്‍ട്രോള്‍ പോയിന്റുകള്‍ സ്ഥാപിക്കുന്നു. ആകാശ സര്‍വേ സുഗമമായി നടത്തുത്തിനാണിത്. ജന ജീവിതത്തിനു തടസ്സമുണ്ടാകാത്ത രീതിയിലാണ് ലൈറ്റ് ഡിറ്റക്ഷന്‍ ആന്‍ഡ് റേഞ്ചിങ് (ലിഡാര്‍) സിസ്റ്റം ഉപയോഗിച്ച് സര്‍വേ നടത്തുന്നത്.

അങ്കമാലി-ശബരി പാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കാനാണ്  ആകാശ സര്‍വേ നടത്തുന്നത്.

നിര്‍ദിഷ്ട അങ്കമാലി -ശബരി പാതയുടെ അലൈന്‍മെന്റില്‍ അല്ല ഈ പോയന്റുകള്‍ സ്ഥാപിക്കുന്നതെന്നും സര്‍വേ നടത്തുന്ന വിമാനത്തിനുള്ള റഫറന്‍സ് പോയന്റുകള്‍ (സൂചകങ്ങള്‍) എന്ന നിലയിലാണ് ഗ്രൗണ്ട കണ്‍ട്രോള്‍ പോയന്റുകള്‍ സ്ഥാപിക്കുന്നതെന്നും കെ-റെയില്‍ അധികൃതര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ജനങ്ങള്‍ ആശങ്കാകുലരാകേണ്ട യാതൊരു കാര്യവുമില്ല.

അങ്കമാലി-ശബരി പാതയ്ക്ക് ദക്ഷിണ റെയില്‍വേയും ജില്ലാ കലക്ടറും സംയുക്തമായി അംഗീകരിച്ച അലൈന്‍മെന്റിലാണ് ലിഡാര്‍ സര്‍വേ നടത്തുന്നത്. അലൈൻമെന്റുമായി ബന്ധപ്പെട്ട് പൊതുതാല്‍പര്യ ഹരജിയില്‍ ഹൈക്കോടതി നേരത്തെ തീര്‍പ്പു കല്‍പിച്ചതാണ്. ഇതേ തുടര്‍ന്നാണ്് പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കാന്‍ കെ-റെയിലിനെ റെയില്‍വേ ബോര്‍ഡ് ചുമതലപ്പെടുത്തിയത്. പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കുന്നതിനു മുന്നോടിയായി ലിഡാര്‍ സര്‍വേ നടത്താന്‍ കെ-റെയില്‍ തീരുമാനിച്ചത് അങ്ങനെയാണ്.

Share this story