യാത്രക്കിടെ വവ്വാല്‍ മുഖത്തടിച്ചു എന്ന് പറഞ്ഞതിനാലാണ് നിരീക്ഷണം, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് പരിഭ്രാന്തി പരത്തരുത്: കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് ഒരാള്‍ നിരീക്ഷണത്തിലായത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്ന് അറിയിച്ചിരിക്കുകയാണ് എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍.
പനി ബാധിച്ച് ചികിത്സയിലിരിക്കെ, യാത്രക്കിടെ മുഖത്ത് വവ്വാല്‍ അടിച്ചുവെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ നിരീക്ഷണത്തിലാക്കിയതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ളയാളാണ് തിരുവനന്തപുരത്ത് ചികിത്സയിലുള്ളതെന്ന പ്രചാരണം തെറ്റാണെന്നും ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബിഡിഎസ് വിദ്യാര്‍ത്ഥിയെ ആയിരുന്നു നിരീക്ഷണത്തിലാക്കിയത്. ഇപ്പോള്‍ ഈ വിദ്യാര്‍ത്ഥിയുടെ പനി കുറഞ്ഞിട്ടുണ്ട്. സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് പരിഭ്രാന്തി പരത്തരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.