ഗുരുവായൂരില്‍ മുല്ലപ്പൂവില്‍ക്കുന്ന ധന്യയെ കണ്ട് സുരേഷ്‌ഗോപി; മകളുടെ വിവാഹത്തിന് പൂവ് ഓര്‍ഡര്‍ചെയ്തു
Nov 20, 2023, 19:40 IST

സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് മുല്ലപ്പൂവ് എത്തിക്കുന്നത് ഗുരുവായൂർ വഴിയോരത്ത് കൈക്കുഞ്ഞിനെ മാറോട് ചേർത്ത് മുല്ലപ്പൂ കച്ചവടം നടത്തുന്ന ധന്യ. 300 മുഴം മുല്ലപ്പൂവിന്റെ ഓർഡറാണ് നൽകിയിരിക്കുന്നത്. തെച്ചിയുടെ ഓർഡറും നൽകിയിട്ടുണ്ട്. ഇന്നലെ ഗുരുവായൂരിലെത്തിയ സുരേഷ് ഗോപി ഗുരുവായൂർ ടൂറിസം ഫെസിലിറ്റേഷൻ സെന്റർ ഹാളിൽ നടന്ന കോഫി വിത്ത് എസ്.ജി വേദിയിലേക്ക് ധന്യയെ വിളിച്ചുവരുത്തുകയായിരുന്നു. ഭർത്താവ് സനീഷും കുഞ്ഞും കൂടെയുണ്ടായിരുന്നു. ധന്യ കുട്ടിയുമായി മുല്ലപ്പൂവ് വിൽക്കുന്ന വീഡിയോ നേരത്തേ സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഹൃദ്രോഗിയായ ഭർത്താവ് സനീഷിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനും കുടുംബം പോറ്റാനുമാണ് ധന്യ മുല്ലപ്പൂവ് കച്ചവടം നടത്തുന്നത്. വാടകയ്ക്ക് താമസിക്കുന്ന ധന്യയോടും കുടുംബത്തോടും ഒഴിയാൻ ഉടമ ആവശ്യപ്പെട്ടിരിക്കുകയാണ്. കുഞ്ഞിനെയും കൊണ്ട് എങ്ങോട്ടു പോകുമെന്നറിയാതെ പ്രതിസന്ധിയിലാണ് ഈ കുടുംബം.