'മാനസിക വെല്ലുവിളി നേരിടുന്ന പിതാവിനെ പോകാൻ അനുവദിച്ചു': കളമശ്ശേരി മെഡിക്കൽ കോളേജിനെതിരെ സൂരജ് ലാമയുടെ മകൻ | Suraj Lama

മൃതദേഹം തിരിച്ചറിയാൻ ഡി.എൻ.എ. പരിശോധന വേണമെന്ന് അദ്ദേഹം പറഞ്ഞു
Suraj Lama's son against Kalamassery Medical College, demands DNA test
Updated on

കൊച്ചി: വിമാനത്താവളത്തിൽ നിന്ന് കാണാതായ കൊൽക്കത്ത സ്വദേശി സൂരജ് ലാമയുടെ (60) തിരോധാനത്തിൽ സംശയം പ്രകടിപ്പിച്ച് മകൻ സാന്റൻ ലാമ രംഗത്ത്. കഴിഞ്ഞ ദിവസം കളമശ്ശേരി എച്ച്.എം.ടി.ക്ക് സമീപം കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണെന്നാണ് സംശയിക്കുന്നത്. എന്നാൽ, മൃതദേഹം പിതാവിന്റേത് തന്നെയാണോ എന്ന് ഉറപ്പിക്കാൻ ഡി.എൻ.എ. പരിശോധന ആവശ്യമാണെന്ന് സാന്റൻ ലാമ ആവശ്യപ്പെട്ടു.(Suraj Lama's son against Kalamassery Medical College, demands DNA test )

സൂരജ് ലാമയെ കാണാതായ സംഭവത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിനെതിരെ മകൻ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. പിതാവിനെ ജീവനോടെ കണ്ടെത്തി തരുമെന്ന് കമ്മീഷണർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, പോലീസ് പരിശോധന നടത്തിയതിന്റെ സമീപത്ത് നിന്നാണ് ഇപ്പോൾ മൃതദേഹം കിട്ടിയത്.

മാനസിക വെല്ലുവിളി നേരിടുന്ന പിതാവിനെ ആശുപത്രിയിൽ നിന്ന് പോകാൻ അനുവദിച്ചെന്നും, ആദ്യം അജ്ഞാതൻ എന്നാണ് മെഡിക്കൽ കോളേജ് അധികൃതർ രേഖപ്പെടുത്തിയതെന്നും മകൻ ആരോപിച്ചു. പിന്നീട് മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് സൂരജ് ലാമ എന്ന് രേഖകൾ തിരുത്താൻ അധികൃതർ തയ്യാറായതെന്നും സാന്റൻ ലാമ പറഞ്ഞു.

കുവൈത്ത് വിഷമദ്യ ദുരന്തത്തിനിരയായി കണ്ണിന് കാഴ്ച നഷ്ടപ്പെടുകയും ഓർമ്മക്കുറവ് സംഭവിക്കുകയും ചെയ്ത സൂരജ് ലാമയെ കുവൈത്ത് അധികൃതർ കൊച്ചിയിലേക്ക് നാടുകടത്തുകയായിരുന്നു. ഒക്ടോബർ അഞ്ചിനാണ് ലാമയെ വിമാനത്താവളത്തിൽ നിന്ന് കാണാതായത്. സൂരജ് കൊച്ചിയിൽ വിമാനമിറങ്ങിയ ശേഷം മെട്രോയുടെ ഫീഡർ ബസിൽ ആലുവ മെട്രോ സ്റ്റേഷനിൽ എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിന്നീട് ഒക്ടോബർ 10-നാണ് ഇദ്ദേഹം എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്.

പരിശോധനയിൽ കാര്യമായ അസുഖങ്ങളൊന്നും കണ്ടെത്താതിരുന്നതിനെ തുടർന്ന് ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. ഈ സമയത്തൊന്നും ആശുപത്രി അധികൃതർക്കോ പോലീസിനോ സൂരജ് ആരാണെന്നോ എങ്ങനെയെത്തിയെന്നോ അറിയില്ലായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് കുവൈത്തിൽ നിന്ന് സൂരജിനെ കൊച്ചിയിലേക്ക് വിമാനം കയറ്റിവിട്ട കാര്യം ബെംഗളൂരുവിലെ സൂരജിന്റെ കുടുംബം അറിഞ്ഞത്. സൂരജ് ലാമക്കായി ഹൈക്കോടതി നിർദേശപ്രകാരമുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് ദിവസങ്ങൾ പഴക്കമുള്ള, അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com