തിരുവനന്തപുരം: കേരളത്തിലെ 'എസ്.ഐ.ആർ പ്രക്രിയക്കെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുക. എസ്.ഐ.ആർ. നടപടികൾക്ക് അടിയന്തര സ്റ്റേ അനുവദിക്കണമെന്ന ആവശ്യം ഹർജിക്കാർ കോടതിയിൽ ഉന്നയിക്കും.(Supreme Court to hear petitions against Kerala's SIR today)
നിലവിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഈ പ്രക്രിയ പ്രായോഗികമല്ല എന്ന ഭരണപരമായ പ്രശ്‌നമായിരിക്കും സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കുക. ബി.എൽ.ഒ. (ബൂത്ത് ലെവൽ ഓഫീസർമാർ) മാരുടെ ജോലി സമ്മർദ്ദവും, കണ്ണൂരിലെ ഒരു ബി.എൽ.ഒ.യുടെ ആത്മഹത്യയുൾപ്പെടെയുള്ള ഗൗരവകരമായ കാര്യങ്ങളും ഹർജിക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും.
കേരളത്തിലെ എസ്.ഐ.ആർ. നടപടികൾക്കെതിരെ സംസ്ഥാന സർക്കാരിന് പുറമെ, സി.പി.ഐ.എം, സി.പി.ഐ, കോൺഗ്രസ്, മുസ്ലിം ലീഗ് എന്നീ പ്രധാന രാഷ്ട്രീയ പാർട്ടികളും ചാണ്ടി ഉമ്മൻ എം.എൽ.എ.യും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജികളിൽ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി മറുപടി തേടിയിരുന്നു.