ഹൈകോടതിയിൽ ആത്മഹത്യ ശ്രമം; യുവാവ് കൈ ഞരമ്പ് മുറിച്ചു
Sep 4, 2023, 19:55 IST

കൊച്ചി: ഹൈകോടതിയിൽ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂർ സ്വദേശിയായ യുവാവാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവ് ഉൾപ്പെട്ട ഹേബിയസ് കോർപസ് പരിഗണിക്കുന്നതിനിടെയായിരുന്നു സംഭവം നടന്നത്.
തൃശൂർ സ്വദേശിയായ യുവാവും നിയമവിദ്യാർഥിയായ യുവതിയും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. യുവതിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യുവതിയുടെ മാതാപിതാക്കളാണ് കോടതിയിൽ ഹേബിയസ് കോർപസ് സമർപ്പിച്ചത്. യുവാവിനൊപ്പം പോകാൻ താത്പര്യമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് താത്പര്യമില്ല എന്ന് മറുപടി പറഞ്ഞതാണ് ആത്മഹത്യാശ്രമത്തിന് കാരണമായത്.

മറുപടി കേട്ട യുവാവ് തന്‍റെ പക്കൽ യുവതിയുടെ വസ്ത്രങ്ങളുൾപ്പെടെയുണ്ടെന്നും അത് തിരികെയേൽപ്പിക്കാമെന്നും ചൂണ്ടിക്കാട്ടി ചേമ്പറിന് പുറത്തിറങ്ങിയ ശേഷം കയ്യിൽ കരുതിയിരുന്ന കത്തിയുപയോഗിച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ഉടൻ തന്നെ യുവാവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്‍റെ പരിക്ക് ഗുരുതരമല്ല.