മൂത്തകുന്നം സ്കൂളിൽ വീണ്ടും വിദ്യാർഥി സംഘട്ടനം; വിദ്യാർഥിയുടെ തല ചുറ്റികക്ക് അടിച്ചുപൊട്ടിച്ചു
Nov 18, 2023, 20:42 IST

പറവൂർ: മൂത്തകുന്നം എസ്. എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥി സഹപാഠിയുടെ തല ചുറ്റികക്ക് അടിച്ചു പൊട്ടിച്ചു. തല പൊട്ടി ചോരയിൽ കുളിച്ച വിദ്യാർഥിയെ മൂത്തകുന്നം ഗവ.ആശുപത്രിയിലും തുടർന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ച് ചികിത്സ തേടി. ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിക്ക് തലക്ക് മൂന്ന് തുന്നലിട്ടിട്ടുണ്ട്. എസ്.എൻ.എം മാനേജ്മെന്റിന്റെ കീഴിലുള്ള മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകന്റെ മകനാണ് അക്രമണം നടത്തിയെന്ന് പറയുന്നു. ചുറ്റികക്ക് അടിച്ചതായി പറയുന്ന വിദ്യാർത്ഥിയെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ സ്കൂളിൽ ക്ലാസ് തുടങ്ങും മുമ്പായിരുന്നു സംഭവം നടന്നത്.
പത്താം ക്ലാസ് വിദ്യാർത്ഥികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. വ്യാഴാഴ്ച മൂത്തകുന്നത്തെ ട്യൂഷൻ സെന്ററിൽ വെച്ച് ഇവർ തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. അതിലൊരു വിദ്യാർത്ഥിയാണ് രാവിലെ ഇരുമ്പ് ചുറ്റികയുമായി എത്തി എതിരാളിയുടെ തല അടിച്ചു പൊട്ടിച്ചത്.