പന്തളത്ത് ഭീതി വിതച്ച് തെരുവുനായ്ക്കൾ
Sep 9, 2023, 21:27 IST

പന്തളം: ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ തമ്പടിച്ചിരിക്കുന്ന തെരുവുനായ്ക്കൾ ഭീഷണിയാകുന്നു. സന്ധ്യകഴിഞ്ഞാൽ ജങ്ഷൻ തെരുവുനായ്ക്കൾ കൈയടക്കുകയാണ്. രണ്ടാഴ്ച മുമ്പ് ഇവിടെ രണ്ട് യാത്രികർക്ക് കടിയേറ്റിരുന്നു. രാത്രി ഇരുചക്ര വാഹനങ്ങൾക്ക് മുന്നിൽ ഇവ ചാടുന്നത് കാരണം അപകടങ്ങളും പതിവായിരിക്കുകയാണ്.
കടകളുടെ തിണ്ണകളിലും ഇതിന് മുന്നിലായുള്ള റോഡിലുമാണ് ഇപ്പോൾ കൂട്ടം കൂടി നിൽക്കുന്നത്. വൈകുന്നേരങ്ങളിൽ മാർക്കറ്റുകളിൽ പോയി മാലിന്യം ഭക്ഷിച്ച ശേഷമാണ് ഇവ കടകൾക്ക് മുന്നിലേക്ക് എത്തുന്നത്. ഓടിക്കാൻ ശ്രമിച്ചാൽ കൂട്ടമായി കുരച്ചുകൊണ്ട് അടുത്തെത്തും. ഇത് കാരണം ഓടിക്കാനും കടയുടമകൾക്കും കാൽനടക്കാർക്കും ഭയമാണ്. സംഭവത്തിൽ നഗരസഭ മുൻകൈയെടുത്ത് നടപടികൾ സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
