തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ മ്യൂസിയം വളപ്പിൽ സന്ദർശകർക്ക് ഭീഷണിയായ തെരുവുനായ്ക്കളെ പിടികൂടാൻ കോർപ്പറേഷൻ അടിയന്തര നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം അഞ്ചുപേർക്ക് നായയുടെ കടിയേറ്റതും ഒരു നായക്ക് പേവിഷബാധ സ്ഥിരീകരിച്ചതുമാണ് നടപടികൾക്ക് വേഗം കൂട്ടിയത്.(Stray dogs at Thiruvananthapuram Museum have started being caught )
കഴിഞ്ഞ ദിവസം രാവിലെ പ്രഭാതനടത്തത്തിനെത്തിയ അഞ്ചുപേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. മ്യൂസിയം വളപ്പിലെ മറ്റ് നായ്ക്കൾക്ക് നേരെയും ആക്രമണമുണ്ടായി. കടിയേറ്റ നായയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ പേവിഷബാധ സ്ഥിരീകരിച്ചതോടെയാണ് കോർപ്പറേഷൻ അടിയന്തരമായി ഇടപെട്ടത്.
ഇന്നലെത്തന്നെ മ്യൂസിയം വളപ്പിൽ നായ്ക്കളെ പിടികൂടാൻ നടപടി ആരംഭിച്ചു. ആദ്യഘട്ടത്തിൽ അഞ്ച് നായ്ക്കളെ പിടികൂടി. ഇന്ന് രാവിലെയും ബാക്കി നായ്ക്കളെ പിടികൂടാനുള്ള ശ്രമങ്ങൾ കോർപ്പറേഷൻ തുടരുകയാണ്. പിടികൂടിയ നായ്ക്കളെ പേട്ടയിലെ എ.ബി.സി. സെന്ററിലേക്കാണ് മാറ്റുന്നത്.
നായ്ക്കളെ ഒഴിപ്പിച്ചു തുടങ്ങിയതോടെ പതിവ് നടത്തക്കാരിൽ ഭയം അകന്നുതുടങ്ങിയിട്ടുണ്ട്. എന്നാൽ, മ്യൂസിയം വളപ്പിലെ മാത്രമല്ല കോർപ്പറേഷനിലെ മുഴുവൻ തെരുവുനായ ശല്യവും ഇല്ലാതാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മ്യൂസിയത്തിൽ എത്തുന്ന സന്ദർശകർ നായ്ക്കൾക്ക് യാതൊരു കാരണവശാലും ഭക്ഷണപദാർത്ഥങ്ങൾ നൽകരുത്.