Times Kerala

സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. കെ.എം ദിലീപ് അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തി

 
edffef


സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. കെ.എം ദിലീപ് അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തി. അഗളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സന്ദര്‍ശിച്ച കമ്മിഷണര്‍ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ്, സ്റ്റുഡന്റ് പോലീസ് എന്നിവരുമായി വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് സംവാദം നടത്തി. വിവരാവകാശ നിയമം എന്ത്, എന്തിന്, അതിന്റെ പ്രാധാന്യം, വിവരാവകാശ അപേക്ഷ നല്‍കുന്ന വിധം, ഫീസ് ഘടന തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ചു. വിവരാവകാശ നിയമം അട്ടപ്പാടിയിലെ എല്ലാ ഊരുകളിലും എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും ഇതിനുവേണ്ടി പ്രത്യേക പരിശീലനം നല്‍കിയ വിദ്യാര്‍ത്ഥികളുടെ കോര്‍ ഗ്രൂപ്പ് രൂപീകരിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു. പത്ത്, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് ഗ്രൂപ്പ് നിര്‍മ്മിക്കുക. അവര്‍ക്ക് നിയമത്തെക്കുറിച്ച് അവബോധം നല്‍കി അവരിലൂടെ വിവരാവകാശത്തെ കുറിച്ചുള്ള അവബോധം എല്ലാ ഊരുകളിലേക്കും എത്തിക്കുകയാണ് ലക്ഷ്യമെന്നും വിവരാവകാശ കമ്മിഷണര്‍ പറഞ്ഞു.

ഊരുകളില്‍ വിവരാവകാശ നിയമത്തെ കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പാര്‍കോട്, ഇടവാണി ഊരുകളില്‍  സന്ദര്‍ശനം നടത്തിയ കമ്മിഷണര്‍ വിവരാവകാശ നിയമത്തെ കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും ഊരു നിവാസികളുമായും സംസാരിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് കെ.ജി. സുനില്‍ അധ്യക്ഷയായി. അഗളി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജു, എസ്.എം.സി ചെയര്‍മാന്‍ മുഹമ്മദ് ജാക്കിര്‍, സ്‌കൂള്‍ പ്രധാനധ്യാപകന്‍ പി.എസ്. അനില്‍കുമാര്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി. സത്യന്‍, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ കെ. ശാന്തി, അധ്യാപകരായ രാജീമോള്‍, സിസിലി സെബാസ്റ്റ്യന്‍, പി.വി ബിന്ദു, സ്മിത എം. നാഥ്, എച്ച്.ആര്‍. അനീഷ്, നിഷ ബാബു എന്നിവര്‍ പങ്കെടുത്തു.

Related Topics

Share this story