SIRന് എതിരായ സംസ്ഥാന സർക്കാരിൻ്റെ ഹർജി: ഹൈക്കോടതി വിധി ഇന്ന് | SIR

തദ്ദേശ തിരഞ്ഞെടുപ്പിനായി 1,76,000 ഉദ്യോഗസ്ഥരെയാണ് ആവശ്യം.
State government's petition against SIR, High Court verdict today
Published on

കൊച്ചി: വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണ നടപടികൾക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് ഉത്തരവിറക്കും. ഉദ്യോഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടി സർക്കാർ നൽകിയ ഹർജിയിൽ, എസ്.ഐ.ആർ നടപടി നിർത്തിവയ്ക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.(State government's petition against SIR, High Court verdict today)

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ, വോട്ടർ പട്ടിക പരിഷ്കരണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഭരണ സ്തംഭനത്തിന് കാരണമാകുമെന്നാണ് സംസ്ഥാന സർക്കാരിന്റെ മുഖ്യ വാദം. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഡിസംബർ 4-ന് പൂർത്തിയാക്കേണ്ടതുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിലാണ് നടക്കുന്നത്.

രണ്ട് സുപ്രധാന ജോലികളിലും ഒരേ ഉദ്യോഗസ്ഥർക്ക് പങ്കെടുക്കേണ്ടിവരുന്നത് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനായി 1,76,000 ഉദ്യോഗസ്ഥരെയാണ് ആവശ്യം. ഇതിൽ 68,000 പേർ സുരക്ഷാ ജോലികൾക്കായി വേണം.

ഇതിനിടയിൽ, എസ്.ഐ.ആർ. പ്രവർത്തനങ്ങൾക്കായി 25,668 ഉദ്യോഗസ്ഥരെ കൂടി വിന്യസിക്കേണ്ടിവരുന്നത് ഭരണപരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നും സർക്കാർ നിലപാടെടുത്തു. സംസ്ഥാന സർക്കാരിന്റെ വാദങ്ങളെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരും തള്ളിക്കളഞ്ഞു.

ഭരണ സ്തംഭനം ഉണ്ടാകില്ലെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു. വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ 55 ശതമാനം ജോലികളും പൂർത്തിയായ ഘട്ടത്തിൽ സർക്കാരിന്റെ ഹർജി ദുരുദ്ദേശപരമാണെന്നും കേന്ദ്രം വാദിച്ചു.

കേസ് ഇന്നലെ പരിഗണിച്ചപ്പോൾ, ജസ്റ്റിസ് വി.ജി. അരുൺ, സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നതാണ് കൂടുതൽ അഭികാമ്യമെന്ന നിരീക്ഷണം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഹൈക്കോടതിയുടെ ഉത്തരവ് ഇന്ന് വരും.

Related Stories

No stories found.
Times Kerala
timeskerala.com