തിരുവനന്തപുരം: അരൂർ-തുറവൂർ ദേശീയപാത നിർമ്മാണ സ്ഥലത്തുണ്ടായ ദാരുണ അപകടത്തിൽ 48 വയസ്സുകാരൻ മരിച്ച സംഭവത്തിന് പിന്നാലെ, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് കത്തയച്ച് ശശി തരൂർ എം.പി. അപകടത്തിൽ സ്വതന്ത്രവും സുതാര്യവുമായ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(Shashi Tharoor MP writes letter to Union Minister on Aroor accident )
അപകടത്തിൽ സ്വതന്ത്രവും സുതാര്യവുമായ സുരക്ഷാ ഓഡിറ്റ് നടത്തണം. സംഭവത്തിൽ ദേശീയപാത അതോറിറ്റിക്കും (NHAI) കരാറുകാരനുമുള്ള ഉത്തരവാദിത്തം വ്യക്തമാക്കണം. മരണപ്പെട്ട 48-കാരന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണം. അപകട സാധ്യതയുള്ള ജോലികൾ ചെയ്യേണ്ടുന്ന സമയക്രമം ശാസ്ത്രീയമായി ക്രമപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡറുകൾ വീണാണ് ഹരിപ്പാട് സ്വദേശിയായ രാജേഷ് (48) കൊല്ലപ്പെട്ടത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെ ജാക്കി തെന്നിമാറിയാണ് അപകടമുണ്ടായത്. പിക് അപ് വാനിന് മുകളിൽ വീണ 80-90 ടൺ ഭാരമുള്ള ഭീമൻ ഗർഡറുകൾ മാറ്റാൻ ആദ്യ മൂന്ന് മണിക്കൂർ പോലീസിനും ഫയർഫോഴ്‌സിനും കഴിഞ്ഞില്ല. നിർമ്മാണത്തിനായി എത്തിച്ച ക്രെയിൻ ഉപയോഗിച്ച് ആറരയോടെ ഗർഡറുകൾ ഉയർത്തി. മറ്റൊരു ക്രെയിൻ ഉപയോഗിച്ച് പിക് അപ് വാൻ പുറത്തെടുത്ത ശേഷം, വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവർ രാജേഷിനെ പുറത്തെടുത്തത്. അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു.