തിരുവനന്തപുരം: നെഹ്റു സെന്റർ സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ വെച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ ശശി തരൂരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് തരൂർ രാഷ്ട്രീയത്തിൽ എത്തിയതെന്നും, അദ്ദേഹം 'തല മറന്ന് എണ്ണ തേക്കുകയാണെ'ന്നും ഹസൻ പറഞ്ഞു.(Shashi Tharoor is forgetting everything, MM Hassan lashes out)
"നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് ശശി തരൂർ രാഷ്ട്രീയത്തിലേക്ക് എത്തിയത്," ഹസൻ ചൂണ്ടിക്കാട്ടി. "രാജ്യത്തിനും സമൂഹത്തിനും വേണ്ടിയും ഒരു തുള്ളി വിയർപ്പ് പൊഴിക്കാത്ത വ്യക്തിയാണ് തരൂർ," എന്ന് അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ നിന്നുകൊണ്ട് തരൂർ നെഹ്റു കുടുംബത്തെ അവഹേളിച്ചതായി ഹസൻ ആരോപിച്ചു.
അദ്വാനിയെ പുകഴ്ത്തുന്നതിനായി കോൺഗ്രസിന്റെ നേതാക്കളെ ഇകഴ്ത്തി കാണിക്കാൻ തരൂർ ശ്രമിച്ചു എന്നും ഹസൻ കുറ്റപ്പെടുത്തി. നെഹ്റു കുടുംബത്തെ അവഹേളിച്ച നടപടിയിൽ ഹസൻ രോഷം പ്രകടിപ്പിച്ചു. "മിനിമം മര്യാദ ഉണ്ടെങ്കിൽ, വർക്കിംഗ് കമ്മിറ്റിയിൽ നിന്ന് രാജി വച്ചിട്ട് വേണം അങ്ങനെ പറയേണ്ടിയിരുന്നത്," ഹസൻ പറഞ്ഞു.
നെഹ്റുവിന്റെ ജന്മദിനം ആയതുകൊണ്ടാണ് താൻ ഇത്രയും കാര്യങ്ങൾ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെഹ്‌റു സെന്റർ നടത്തുന്ന നെഹ്‌റു അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവെയായിരുന്നു എം.എം. ഹസന്റെ ഈ പരാമർശം. ചടങ്ങിൽ വെച്ച് ജി. സുധാകരനാണ് അവാർഡ് നൽകിയത്.