കെഎസ്ഇബിക്ക് തിരിച്ചടി; വൈദ്യുതി വാങ്ങാനുള്ള ലഘു കരാറിലും കമ്പനികൾ മുന്നോട്ട് വെച്ചത് വൻ തുക
Sep 5, 2023, 14:38 IST

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്കിടെ കെഎസ്ഇബിക്ക് വീണ്ടും തിരിച്ചടി. 150 മെഗാ വാട്ട് വൈദ്യുതി വാങ്ങാനുള്ള ലഘു കരാറിലും ഉയർന്ന തുകയാണ് കമ്പനികൾ മുന്നോട്ട് വെക്കുന്നത്. യൂണിറ്റിന് 7 രൂപ 60 പൈസ മുതൽ 9 രൂപ 36 പൈസ വരെയാണ് കമ്പനികൾ മുന്നോട്ട് വെച്ചത്. നിരക്ക് കുറക്കണമെന്ന് കെഎസ്ഇബി കമ്പനികളോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ചർച്ച തുടരും.

നടപടി ക്രമങ്ങളുടെ വീഴ്ച പറഞ്ഞ് റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാർ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളിലാണ് സർക്കാറും കെഎസ്ഇബിയും. പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി കരാർ പുനസ്ഥാപിക്കുന്നതിൽ അന്തിമ തീരുമാനം മന്ത്രി സഭ ഉടന്‍ സ്വീകരിക്കും. സ്ഥിതി ഗതികൾ ചീഫ് സെക്രട്ടറി വിളിച്ച ഉന്നത തല യോഗം വിലയിരുത്തി.