ആലപ്പുഴ: റിട്ട. പഞ്ചായത്ത് ജീവനക്കാരിയായ ചേർത്തല നെടുമ്പ്രക്കാട് സ്വദേശി ഐഷ (62) കൊല്ലപ്പെട്ട കേസിൽ തെളിവു തേടി അന്വേഷണ സംഘം പ്രതി സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് പരിശോധിച്ചു. മണിക്കൂറുകൾ നീണ്ട പരിശോധനയിൽ കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് പോലീസ് അറിയിച്ചു.(Sebastian's house's pool drained and inspected, police say no significant evidence found)
ഇന്നലെ രാവിലെയാണ് ചേർത്തല സ്റ്റേഷൻ ഓഫിസർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീടിന്റെ വടക്കുവശത്ത് കാടുപിടിച്ചു കിടന്ന കുളം വറ്റിച്ച് മണ്ണുമാന്തി യന്ത്രമുപയോഗിച്ച് ചെളി കോരി പരിശോധന നടത്തിയത്. കുളത്തിൽ സെബാസ്റ്റ്യൻ ആഫ്രിക്കൻ മുഷി ഉൾപ്പെടെയുള്ള മത്സ്യങ്ങളെ വളർത്തിയിരുന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
കൊലപാതകത്തിനു ശേഷം മൃതദേഹാവശിഷ്ടങ്ങൾ കത്തിച്ചതിനൊപ്പം മത്സ്യങ്ങൾക്ക് ഭക്ഷണമായി കൊടുക്കാനുള്ള സാധ്യതയും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. നാട്ടുകാരും ഈ സംശയം ഉയർത്തിയിരുന്നു. ഐഷ കൊലപാതകത്തിനു പുറമേ, സെബാസ്റ്റ്യൻ പ്രതിയായ ബിന്ദു പത്മനാഭൻ, ജയ്‌നമ്മ കൊലപാതക കേസുകളിലും മൃതദേഹാവശിഷ്ടങ്ങളുടെ കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. ഈ കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി വീടിനു സമീപത്തെ മറ്റ് കുളങ്ങൾ പരിശോധിച്ചിരുന്നുവെങ്കിലും വടക്ക് വശത്തെ ഈ കുളത്തിൽ പരിശോധന നടത്തിയിരുന്നില്ല.
2012 മേയ് 12-നാണ് ഐഷയെ കാണാതാകുന്നത്. മൂന്നു മാസം മുൻപ് ഇതിന്റെ പുനർ അന്വേഷണത്തിലാണ് ഐഷയെയും സെബാസ്റ്റ്യൻ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. ജയ്‌നമ്മ, ബിന്ദു പത്മനാഭൻ, ഐഷ കൊലപാതക കേസുകളിൽ സെബാസ്റ്റ്യൻ നിലവിൽ റിമാൻഡിലാണ്. സ്വത്തുക്കൾ തട്ടിയെടുക്കാനായിരുന്നു കൊലപാതകങ്ങളെന്നാണ് പോലീസ് നിഗമനം.