രാഹുൽ ഈശ്വർ അറസ്റ്റിലായതിനു പിന്നാലെ മുൻകൂർ ജാമ്യാപേക്ഷ നൽകാൻ സന്ദീപ് വാര്യർ | Rahul Easwar

അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഈ നീക്കം
Sandeep Varier to file anticipatory bail application after Rahul Easwar's arrest
Updated on

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ പീഡനക്കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നടപടികൾ ഭയന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനൊരുങ്ങുന്നു. കേസിലെ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. രാഹുൽ ഈശ്വർ അറസ്റ്റിലായതിന് പിന്നാലെ, ശാസ്തമംഗലം അജിത് കുമാർ വഴി സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം.(Sandeep Varier to file anticipatory bail application after Rahul Easwar's arrest)

യുവതിക്കെതിരെ വ്യാപകമായ സൈബറാക്രമണം നടന്നതിനെത്തുടർന്ന് പോലീസ് ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. യുവതിക്കെതിരെ അധിക്ഷേപം നടത്തുന്ന പ്രൊഫൈലുകൾ സൈബർ പോലീസിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം അഞ്ച് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ.

കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വറിനെ കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ വീട്ടിലെത്തി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവതിയെ തിരിച്ചറിയാൻ കഴിയുന്നതരത്തിലുള്ള പരാമർശം യൂട്യൂബ് വീഡിയോയിലൂടെ നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഈശ്വറിനെ പ്രതിയാക്കി കേസെടുത്തത്. സന്ദീപ് വാര്യർ തന്റെ സാമൂഹിക മാധ്യമ പേജിൽ ഉൾപ്പെടുത്തിയിരുന്ന പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പോസ്റ്റ്.

പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുന്ന തരത്തിലുള്ള ഒരു പരാമർശവും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് സന്ദീപ് വാര്യർ ഫെയ്‌സ്ബുക്കിലൂടെ പിന്നീട് വിശദീകരിച്ചിരുന്നു. പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് ഡി.വൈ.എഫ്.ഐ. ആണെന്നും അദ്ദേഹം ആരോപിച്ചു.അതേസമയം, അതിജീവിതയ്ക്കെതിരായ രഞ്ജിത പുളിക്കന്റെയും ദീപാ ജോസഫിന്റെയും ഫെയ്‌സ്ബുക്ക് കുറിപ്പുകളാണ് അവരെയും കേസിൽ പ്രതികളാക്കുന്നതിന് കാരണമായത്. അതിജീവിതയെ തിരിച്ചറിയുന്നവിധത്തിൽ പരാമർശം നടത്തി, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ കുറ്റങ്ങളും ഐ.ടി. നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസ്.

രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ എടുത്തതുപോലെ സമാനമായ സാഹചര്യം മുന്നിൽ കണ്ടാണ് സന്ദീപ് വാര്യരും മുൻകൂർ ജാമ്യാപേക്ഷയുമായി മുന്നോട്ട് പോകുന്നത്. കോടതിയിൽ നിന്ന് പ്രതികൂല നടപടി ഉണ്ടായാൽ സന്ദീപ് വാര്യരെയും പോലീസ് അറസ്റ്റ് ചെയ്യാനും, ഇലക്ട്രോണിക് ഡിവൈസുകൾ പിടിച്ചെടുക്കാനും സാധ്യതയുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com