പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ അറിയിച്ചു. തീർഥാടന കാലയളവ് പൂർത്തിയാകുന്നത് വരെ ആറ് ഘട്ടങ്ങളായാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് 18,741 പോലീസുകാരെ വിന്യസിക്കുക. (Sabarimala)
എസ്.പിമാർ, എ.എസ്.പിമാർ, ഡി.വൈ.എസ്.പിമാർ, ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ സേനയിലെ വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥർ സുരക്ഷാ ചുമതലയിൽ ഉണ്ടാകും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം ഏർപ്പെടുത്തും. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ട്രാഫിക് ലംഘനങ്ങളും അപകടങ്ങളും ഒഴിവാക്കുന്നതിനായി ബൈക്ക്, മൊബൈൽ പട്രോളിംഗുകളും ഉണ്ടാകും.
ക്യൂ കോംപ്ലക്സുകളിൽ തിരക്ക് നിയന്ത്രിക്കും. പമ്പാ നദിയുടെ തീരത്ത് പുതുതായി നിർമ്മിച്ച ജർമ്മൻ ഷെഡുകളിൽ 4,000 പേരെ വരെ ഉൾക്കൊള്ളാൻ കഴിയും. പോക്കറ്റടി, നിയമവിരുദ്ധ വ്യാപാരം, മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി ഒരു പ്രത്യേക ആന്റി-തെഫ്റ്റ് സ്ക്വാഡിനെ വിന്യസിച്ചിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെ കണ്ടെത്താൻ എഐ അധിഷ്ഠിത സിസിടിവിയുടെ സേവനം ഉപയോഗപ്പെടുത്തും. ഡോളി ജീവനക്കാർ ഉൾപ്പെടെയുള്ള താൽക്കാലിക തൊഴിലാളികളെ തിരിച്ചറിയാൻ പമ്പ പോലീസ് വികസിപ്പിച്ചെടുത്ത ഒരു ആപ്പ് ഉപയോഗിക്കും. ആംബുലൻസുകൾക്ക് പ്രത്യേക പാത ഉറപ്പാക്കുമെന്നും ഡിജിപി പറഞ്ഞു.
The Kerala State Police Chief, Rawada Azad Chandra Sekhar, announced that preparations for the safe Sabarimala Mandala-Makaravilakku pilgrimage are complete, involving arrangements across six phases.