

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ പുരാവസ്തു കള്ളക്കടത്ത് സംഘമാണെന്ന രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും. മൊഴിയെടുക്കാൻ സൗകര്യമുള്ള ദിവസം അറിയിക്കണമെന്ന് എസ്.ഐ.ടി. ചെന്നിത്തലയോട് ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി ഡിസംബർ 10-ന് മൊഴി നൽകാൻ തയ്യാറാണെന്ന് രമേശ് ചെന്നിത്തല അന്വേഷണ സംഘത്തെ അറിയിച്ചു. (Sabarimala gold theft case, SIT to record Ramesh Chennithala's statement)
രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കത്ത് നൽകിയിരുന്നു. 500 കോടി രൂപയുടെ ഇടപാട് നടന്നതായും പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ പങ്ക് അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാണ്. ഇതേക്കുറിച്ച് നേരിട്ട് അറിവുള്ള വ്യക്തിയെ അന്വേഷണവുമായി സഹകരിപ്പിക്കാം. പുരാവസ്തു സാധനങ്ങൾ മോഷ്ടിച്ച് കരിഞ്ചന്തയിൽ കൊണ്ടുപോയി വിൽക്കുന്ന സംഘങ്ങളെക്കുറിച്ച് നേരിട്ട് അറിയാവുന്ന വ്യക്തിയെ തനിക്കറിയാം. ഇയാൾ പൊതുജനമധ്യത്തിൽ വന്ന് കാര്യങ്ങൾ വെളിപ്പെടുത്താൻ തയ്യാറല്ലെങ്കിലും അന്വേഷണ സംഘത്തോടും കോടതിയിലും വന്ന് മൊഴി നൽകാൻ തയ്യാറാണ്. സംസ്ഥാനത്തെ ചില വ്യവസായികൾക്കും റാക്കറ്റുകൾക്കും സ്വർണക്കൊള്ളയുമായി ബന്ധമുണ്ട്. ദേവസ്വം ബോർഡിലെ ചില ഉന്നതർക്ക് ഈ റാക്കറ്റുമായുള്ള ബന്ധം അന്വേഷിക്കണമെന്നും പുരാവസ്തു സംഘങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ വരണമെന്നും രമേശ് ചെന്നിത്തലയുടെ കത്തിൽ പറയുന്നു.
താൻ സ്വതന്ത്രമായി പരിശോധിച്ചു കൊണ്ടാണ് ഇത്തരം കാര്യങ്ങൾ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെയാണ് രമേശ് ചെന്നിത്തല എസ്ഐടിക്ക് കത്ത് നൽകിയത്.