പത്തനംതിട്ട: ശബരിമലയിൽ നിന്നും കവർച്ച ചെയ്ത മുഴുവൻ സ്വർണവും ഇനിയും കണ്ടെത്താനുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). കട്ടിളയുടെ പാളി കടത്തി സ്വർണം മോഷ്ടിച്ച കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് അന്വേഷണ സംഘം നാളെ ഔദ്യോഗികമായി രേഖപ്പെടുത്തും. കൂടുതൽ വിവരങ്ങൾക്കായി പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.(Sabarimala gold theft case, SIT says stolen gold is yet to be found)
ശബരിമലയിലെ ദ്വാരപാല ശിൽപ്പങ്ങളുടെ പാളി കടത്തിയ കേസിൽ മാത്രമാണ് ഇതുവരെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. കട്ടിളയുടെ പാളി കടത്തി സ്വർണം മോഷ്ടിച്ച കേസിൽ പോറ്റിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.
നാളെ കോടതിയിൽ ഹാജരാക്കുന്ന പോറ്റിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം വീണ്ടും അപേക്ഷ നൽകും. ശബരിമലയിൽ നിന്നും നഷ്ടമായ സ്വർണം ഇനിയും കണ്ടെത്താനുണ്ടെന്നാണ് എസ്.ഐ.ടിയുടെ നിലവിലെ നിഗമനം.
സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള ചില വ്യക്തികളെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കൽപേഷ്, വാസുദേവൻ, ഗോവർധൻ, സ്മാർട് ക്രിയേഷൻ സിഇഓ പങ്കജ് ഭണ്ഡാരി എന്നിവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. പോറ്റിയെ കസ്റ്റഡിയിൽ ലഭിച്ചാൽ ഇവരെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്.