ശബരിമല സ്വർണക്കൊള്ള കേസ്: N വാസുവിൻ്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; പത്മകുമാറിനെതിരായ നടപടി CPMൽ ചർച്ചയാകും | Sabarimala

എൻ. വാസുവിനെ കൈവിലങ്ങ് അണിയിച്ചതിൽ പോലീസുകാർക്കെതിരെ നടപടി ഉണ്ടാകാൻ സാധ്യതയുണ്ട്.
ശബരിമല സ്വർണക്കൊള്ള കേസ്: N വാസുവിൻ്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; പത്മകുമാറിനെതിരായ നടപടി CPMൽ ചർച്ചയാകും | Sabarimala
Updated on

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളായ മുൻ ദേവസ്വം പ്രസിഡന്‍റ് എൻ. വാസു, തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു എന്നിവരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടുള്ള സി.പി.എം. നേതാവ് എ. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള എസ്.ഐ.ടി.യുടെ അപേക്ഷ നാളെയാണ് കോടതി പരിഗണിക്കുക.(Sabarimala gold theft case, N Vasu's bail application in court today)

റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ മുൻ പ്രസിഡൻ്റ് എൻ. വാസുവിനെ കൈവിലങ്ങ് അണിയിച്ചതിൽ പോലീസുകാർക്കെതിരെ നടപടി ഉണ്ടാകാൻ സാധ്യതയുണ്ട്. തിരുവനന്തപുരം എ.ആർ. ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് വാസുവിനെ കൈവിലങ്ങ് അണിയിച്ച് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്.

ബി.എൻ.എസ്. നിയമം അനുസരിച്ച് കൈവിലങ്ങ് വെക്കേണ്ട പ്രതികളെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ഈ നിയമങ്ങൾക്ക് വിരുദ്ധമായ നടപടിയാണിത്. പ്രതിയുടെ പ്രായം, കുറ്റകൃത്യ സ്വഭാവം എന്നിവ പരിഗണിക്കാതെ കൈവിലങ്ങ് വെച്ചത് സർക്കാരിന് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.

സ്പെഷ്യൽ ബ്രാഞ്ച് ഇത് സംബന്ധിച്ച് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എ.ആർ. ക്യാമ്പിലെ പോലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. എസ്.ഐ.ടി. ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെയാണ് ഈ നടപടി നടന്നതെന്നും പറയുന്നു. എൻ. വാസുവിൻ്റെ റിമാൻഡ് കാലാവധി ഇന്നലെ 14 ദിവസത്തേക്ക് കൂടി കൊല്ലം വിജിലൻസ് കോടതി നീട്ടിയിരുന്നു. വാസുവിനെ കോടതിയിൽനിന്ന് ഇറക്കുന്ന സമയത്ത് ബി.ജെ.പി. പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും കരിങ്കൊടി കാണിച്ചും പ്രതിഷേധിച്ചു.

സ്വർണക്കൊള്ള കേസിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ എ. പത്മകുമാറിനെതിരായ നടപടി സംബന്ധിച്ച് സി.പി.എമ്മിൽ രണ്ട് അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്ന മുറയ്ക്ക് നടപടികളിലേക്ക് കടക്കാമെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട്. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ വിവാദത്തിലാക്കിയ വിഷയത്തിൽ നടപടി വേഗത്തിലാക്കണമെന്ന അഭിപ്രായം പത്തനംതിട്ടയിലെ ഒരു വിഭാഗം നേതാക്കൾക്കുണ്ട്. എന്നാൽ തിടുക്കപ്പെട്ട നടപടി ഗുണം ചെയ്യില്ലെന്ന പക്ഷവും സംസ്ഥാന നേതൃനിരയിൽ ചിലർ പരസ്യമായി പങ്കുവെച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com