ശബരിമല സ്വർണ്ണക്കൊള്ള കേസ് : N വാസുവിൻ്റെ അറസ്റ്റിന് പിന്നാലെ അന്വേഷണം ഉന്നതരിലേക്ക്; ഇന്ന് സെക്രട്ടറിയേറ്റിലേക്ക് കോൺഗ്രസിൻ്റെ മാർച്ച് | Sabarimala

ശേഷം കെപിസിസി നേതൃയോഗം ചേരും
Sabarimala gold theft case, Investigation moves to higher levels after N Vasu's arrest
Published on

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എൻ. വാസുവിന്റെ അറസ്റ്റിന് പിന്നാലെ അന്വേഷണം കൂടുതൽ ഉന്നതങ്ങളിലേക്ക് വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 2019-ൽ എ. പത്മകുമാർ അധ്യക്ഷനായ ദേവസ്വം ബോർഡ് പ്രതിപ്പട്ടികയിലുള്ള സാഹചര്യത്തിൽ, അന്നത്തെ ബോർഡ് അംഗങ്ങളെയും ഉദ്യോഗസ്ഥരെയും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.(Sabarimala gold theft case, Investigation moves to higher levels after N Vasu's arrest)

സ്വർണ്ണക്കൊള്ള നടന്ന കാലയളവിൽ ബോർഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അക്കാലയളവിലെ ദേവസ്വം ബോർഡ് സെക്രട്ടറിമാർ, മറ്റ് ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരുടെ മൊഴികൾ അന്വേഷണ സംഘം വിശദമായി ശേഖരിച്ചുവരികയാണ്.

മൊഴി ശേഖരണം പൂർത്തിയാകുന്നതോടെ പത്മകുമാർ അടക്കമുള്ള അന്നത്തെ ബോർഡ് അംഗങ്ങൾക്കെതിരായ നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും. ഇതിനു മുന്നോടിയായി, കേസിൽ ഉൾപ്പെട്ട ചില ഇടനിലക്കാർ, പ്രതിപ്പട്ടികയിലുള്ള മറ്റു ചില ഉദ്യോഗസ്ഥർ എന്നിവരുടെ അറസ്റ്റിനും സാധ്യതയുണ്ടെന്നാണ് സൂചന.

ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ശക്തമായ പ്രതിഷേധത്തിനൊരുങ്ങുന്നു. ഇന്ന് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മാർച്ച് ഉദ്ഘാടനം ചെയ്യും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സണ്ണി ജോസഫ് തുടങ്ങിയ നേതാക്കൾ മാർച്ചിൽ പങ്കെടുക്കും. സമരപരിപാടികൾക്ക് ശേഷം, വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ തന്ത്രങ്ങൾ ആലോചിക്കാൻ കെപിസിസി നേതൃയോഗം ചേരും. കെപിസിസി ഭാരവാഹികൾ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംഎൽഎമാർ എന്നിവരുടെ സംയുക്ത യോഗം ഇന്ദിരാഭവനിലാണ് ചേരുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com