കെ ജെ ഷൈനെതിരായ അധിക്ഷേപ പ്രചാരണങ്ങളിൽ പ്രതികരിച്ച് എസ് സതീഷ് |s satheesh
കൊച്ചി: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ അധിക്ഷേപ പ്രചാരണങ്ങളിൽ പ്രതികരിച്ച് എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്. രാഹുലിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ പെൺകുട്ടികളെ സോഷ്യൽമീഡിയയിലൂടെ കോൺഗ്രസ് അധിക്ഷേപിക്കുകയായിരുന്നു .കോൺഗ്രസ് ജീർണതയെ വ്യാജ പ്രചാരണം കൊണ്ട് പരിഹരിക്കാൻ കഴിയില്ലെന്ന് എസ് സതീഷ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.......
കോൺഗ്രസ് ജീർണ്ണതയെ വ്യാജ പ്രചാരണം കൊണ്ട് പരിഹരിക്കാൻ കഴിയില്ല.
രാഹുൽ മാങ്കൂട്ടത്തിന്റെ വിഷയം പുറത്തുവന്നതോടെകൂടി വലിയ രൂപത്തിൽ കോൺഗ്രസിന്റെ ജീർണ്ണതയുടെ മുഖം വെളിവാക്കപ്പെട്ടു. ഇതിനെ പ്രതിരോധിക്കാൻ സോഷ്യൽ മീഡിയയിലൂടെ ഇരകളെ വ്യക്തിഹത്യ നടത്തിയും വ്യാജ പ്രചരണങ്ങൾ അഴിച്ചുവിട്ടും കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിഭാഗം നടത്തുന്ന പ്രചരണങ്ങൾ ഇന്ന് കേരളം നല്ലവണ്ണം കാണുന്നുണ്ട്. കോൺഗ്രസ് വനിത നേതാക്കന്മാരെ പോലും തെറിവിളിക്കാനും ആക്ഷേപിക്കാനും ഈ കൂട്ടർക്ക് മടിയില്ല.
കോൺഗ്രസിന്റെ ഈ വികൃതമായ മുഖത്തെ മൂടിവയ്ക്കാൻ സിപിഐഎമ്മിന്റെ ജനകീയ നേതാക്കന്മാരെ കരിവാരി തേക്കാനുള്ള പ്രചാര വേലയാണ് കോൺഗ്രസിലെ സോഷ്യൽ മീഡിയ സംഘം പ്രചരിപ്പിക്കുന്നത്. പാഷാണം തിന്നു ജീവിക്കുന്ന ഒരു സോഷ്യൽ മീഡിയ ബുദ്ധിജീവി കേൾക്കുന്നവർക്ക് ശരിയെന്ന് തോന്നിപ്പിക്കും വിധം സമയവും സ്ഥലവും എല്ലാം പറഞ്ഞ് ഒരു വ്യാജ വീഡിയോ ചെയ്യുന്നു. തുടർന്ന് കോൺഗ്രസ് പ്രചരണം നടത്തുന്നു.