കടയിൽനിന്ന് പട്ടാപ്പകൽ 5000 രൂപ കവർന്നു: പ്രതികളെന്ന് സംശയിക്കുന്ന കുട്ടികളെ പൊലീസ് തിരയുന്നു

പയ്യന്നൂർ: പട്ടാപ്പകല്‍ കടയില്‍ നിന്ന് 5000 രൂപ കവര്‍ന്നു. സംഭവത്തിനുത്തരവാദികളെന്ന് സംശയിക്കുന്ന കുട്ടികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഞായറാഴ്ച രാവിലെ 11.50നാണ് കവർച്ച നടന്നത്. പിലാത്തറ ബസ് സ്സ്റ്റാൻഡിന് സമീപത്തെ കെ.പി.എം കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ചുമടുതാങ്ങി സ്വദേശി എന്‍.പി. റസാഖിന്റെ സ്പോര്‍ട്ടെക്സ് കടയിലാണ് മോഷണം നടന്നത്. പാന്റ്സും കറുപ്പും നീലയും ടീഷര്‍ട്ടും ധരിച്ചെത്തിയ രണ്ടു പേരും വെള്ളയില്‍ കുത്തുകളുള്ള ഷര്‍ട്ട് ധരിച്ച ഒരാളുമുൾപ്പെടെ 15 വയസ്സില്‍ താഴെ പ്രായമുള്ള മൂന്നു കുട്ടികളാണ് മേശവലിപ്പില്‍ നിന്നു സമർഥമായി 5000 രൂപ കവര്‍ന്ന് രക്ഷപ്പെട്ടതെന്നാണ് പരാതി.

താഴെയും മുകളിലുമായി പ്രവര്‍ത്തിക്കുന്ന കടയില്‍ കുട്ടികള്‍ എത്തുമ്പോള്‍ റസാഖ് മാത്രമേ ഉണ്ടായിരുന്നുള്ളു. ക്രിക്കറ്റ് ബാറ്റ് അന്വേഷിച്ചെത്തിയ ഇവര്‍ റസാഖിനോടൊപ്പം മുകള്‍നിലയില്‍ കയറി സാധനങ്ങള്‍ തിരഞ്ഞശേഷം പിന്നീട് വാങ്ങാമെന്ന് പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് രണ്ടുപേര്‍ തിരികെവന്ന് വീണ്ടും മുകള്‍നിലയിലെ സാധനങ്ങല്‍ പരിശോധികുകയും ഈ സമയത്ത് മൂന്നാമന് മേശവലിപ്പ് തുറന്ന് പണം മോഷ്ടിക്കുകയായിരുന്നുവത്രെ. മറ്റൊരാള്‍ക്ക് നല്‍കാനായി 5000 രൂപ റസാഖ് എണ്ണി തിട്ടപ്പെടുത്തി മേശയില്‍ വെച്ചിരുന്നു. ഇയാള്‍ വന്നപ്പോള്‍ പണമെടുക്കാന്‍ മേശ തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. നിരീക്ഷണ കാമറ പരിശോധിച്ചപ്പോഴാണ് കുട്ടികളില്‍ ഒരാള്‍ മോഷണം നടത്തുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.