കൈപ്പമംഗലം മൂന്നുപീടികയിൽ ജ്വല്ലറിയിൽ ചുമർ കുത്തിത്തുരന്ന് കവർച്ച
Nov 20, 2023, 17:06 IST

തൃശൂർ: കൈപ്പമംഗലം മൂന്നുപീടികയിൽ ജ്വല്ലറിയിൽ ചുമർ കുത്തിത്തുരന്ന് കവർച്ച. സെന്ററിൽ പ്രവർത്തിക്കുന്ന ഐഡിയ ജ്വല്ലറിയിലാണ് കവർച്ച നടന്നത്. ഏകദേശം 16,000 രൂപ വിലവരുന്ന 200 ഗ്രാം വെള്ളി ആഭരണങ്ങൾ മോഷണം പോയിട്ടുണ്ട്.
ഇന്നു രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്. കടയുടെ പിൻഭാഗത്തെ ചുമർ കുത്തിത്തുരന്ന് അകത്ത് കയറിയാണ് കവർച്ച നടത്തിയത്. സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന ഭൂഗർഭ അറ മോഷ്ടാക്കൾക്കു തുറക്കാൻ സാധിക്കാത്തതിനാൽ വലിയനഷ്ടം സംഭവിച്ചില്ല. വിവരം ലഭിച്ചതിന് പിന്നാലെ കൈപ്പമംഗലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
