കാലം ആവശ്യപ്പെടുന്ന വികസനമാണ് വഴിയോര വിശ്രമ കേന്ദ്രങ്ങൾ; മന്ത്രി മുഹമ്മദ് റിയാസ്

കാലം ആവശ്യപ്പെടുന്ന വികസനമാണ് ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രങ്ങളെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഒളവണ്ണ ജംഗ്ഷനിൽ ആരംഭിച്ച വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ദീർഘദൂര യാത്രക്കാർക്കും പ്രദേശവാസികൾക്കും യാത്രക്കിടയിൽ വിശ്രമിക്കാൻ ഒരു കേന്ദ്രം വഴിയോരങ്ങളിൽ വേണമെന്ന ആവശ്യം സർക്കാർ തിരിച്ചറിഞ്ഞതിന്റെ ഭാഗമായിട്ടാണ് നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കാനുളള പ്രഖ്യാപനം സർക്കാർ നടത്തിയത്. ഇതിന്റെ ഭാഗമായാണ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വഴിയോര വിശ്രമ കേന്ദ്രങ്ങൾ ഒരുങ്ങുന്നത്. വിപുലമായ സൗകര്യങ്ങളോടെ സ്ത്രീ സൗഹൃദവും ഭിന്നശേഷി സൗഹൃദവുമായ കേന്ദ്രങ്ങൾ യാത്രക്കാർക്കും സഞ്ചാരികൾക്കും ഉപയോഗപ്രദമായി മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നിരവധി പദ്ധതികളാൽ സംസ്ഥാനത്തിനു തന്നെ മാതൃകയായ ഒളവണ്ണ ഗ്രാമപഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു.

ചടങ്ങിൽ മണക്കടവ് സബ് സെന്റർ കെട്ടിടത്തിന്റെ ത്രീ- ഡി മാതൃക മന്ത്രി അനാഛാദനം ചെയ്തു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ഷൈലജ മുഖ്യാതിഥിയായി.
ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവഴിച്ചാണ് ടേക്ക് എ ബ്രേക്ക് നിർമ്മാണം പൂർത്തീകരിച്ചത്. മുലയൂട്ടൽ കേന്ദ്രവും സ്ത്രീകൾക്കും പുരുഷൻമാർക്കുമായി മൂന്ന് വീതം ടോയ്ലറ്റുകളും ടേക്ക് എ ബ്രേക്കിന്റെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമായാണ് കെട്ടിടത്തിൽ കഫ്റ്റീരിയയും റെസ്റ്റ് റൂമും ഒരുക്കിയിട്ടുള്ളത്.