നവീകരണത്തിനു പിന്നാലെ റോഡ് താഴ്ന്ന സംഭവം; കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിൽ പ്രവൃത്തി ആരംഭിച്ചു

കറുത്തപറമ്പ് മുതൽ ഓടത്തെരുവ് വരെയുള്ള ഭാഗത്തെ പ്രവൃത്തിയാണ് ആരംഭിച്ചത്. മണ്ണുമാന്തി ഉപയോഗിച്ച് റോഡിലെ പുതിയ ടാറിങ് പൂർണമായും പൊളിച്ചുമാറ്റുകയാണ്. നീലേശ്വരം മുതൽ ഗോതമ്പ റോഡുവരെ പല സ്ഥലങ്ങളിലും റോഡ് താഴ്ന്ന നിലയിലാണ്.
ഓടത്തെരുവ് അങ്ങാടിയിലെ പ്രധാന വളവിലും റോഡ് താഴ്ന്നത് അപകടഭീഷണി ഉയർത്തിയിരുന്നു. ഇരുചക്രവാഹന യാത്രക്കാർക്കാണ് ഏറ്റവുമധികം ഭീഷണിയുള്ളത്. റോഡിന്റെ താഴ്ന്ന അവസ്ഥമൂലം അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ പറയുന്നു.

കറുത്തപറമ്പിനും മുക്കത്തിനുമിടയിൽ ഓടത്തെരുവിൽ 500 മീറ്ററിനിടെ ഒന്നിലധികം ഭാഗങ്ങളിൽ റോഡ് ഒരിഞ്ചോളം താഴ്ന്നുപോയിട്ടുണ്ട്. കരാർ കമ്പനിയുടെ സൈറ്റ് ഓഫിസിന് തൊട്ടുമുന്നിൽ തന്നെ റോഡ് താഴ്ന്നുപോയിരുന്നു. റോഡ് താഴ്ന്നുപോയതുമൂലം ട്രാഫിക് ലൈൻ മാർക്കിങ്ങിലും വ്യത്യാസം വന്നിട്ടുണ്ട്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 222 കോടി രൂപ ചെലവിലാണ് നവീകരണം നടക്കുന്നത്.