കുഞ്ഞിനെകൊന്ന രേഷ്മയ്ക്കെതിരെ ചുമത്തിയത് മൂന്ന് കുറ്റങ്ങൾ; ഭർത്താവടക്കം 54 സാക്ഷികൾ

 കുഞ്ഞിനെകൊന്ന രേഷ്മയ്ക്കെതിരെ ചുമത്തിയത് മൂന്ന് കുറ്റങ്ങൾ; ഭർത്താവടക്കം 54 സാക്ഷികൾ
 കൊല്ലം: കല്ലുവാതുക്കലില്‍ പ്രസവിച്ച ഉടൻ അമ്മ കുഞ്ഞിനെ കരിയിലക്കൂനയിൽ ഉപേക്ഷിക്കുകയും തുടർന്ന് കുഞ്ഞ്‌ മരിക്കുകയും ചെയ്ത കേസിൽ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുഞ്ഞിന്റെ അമ്മ കല്ലുവാതുക്കൽ ഊഴായ്ക്കോട് സ്വദേശി രേഷ്മ പ്രതിയായ കേസില്‍ പരവൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. നവജാത ശിശുവിനെ ഉപേക്ഷിക്കൽ, കരുതിക്കൂട്ടിയുള്ള കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് രേഷ്‌മയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്‌. കേസിൽ രേഷ്മയുടെ ഭർത്താവ് വിഷ്‌ണു ഉൾപ്പെടെ 54 സാക്ഷികളാണുള്ളത്. 55 പേജുള്ള കുറ്റപത്രത്തിൽ 20 പേജ് അനുബന്ധ രേഖകളാണ്. അതേസമയം, പ്രതി രേഷംയെ അറസ്റ്റ് ചെയ്തു 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ കഴിയാതിരുന്നതിനാൽ രേഷ്‌മയ്‌ക്ക്‌ ജാമ്യം ലഭിച്ചിരുന്നു.  രേഷ്‌മ പറഞ്ഞതുപ്രകാരം കാമുകൻ ‘അനന്തു’വുമായി ഫെയ്‌സ്‌ബുക്ക്‌ മെസഞ്ചർ വഴി നടത്തിയ ചാറ്റുകളുടെ ഇന്റർനെറ്റ് പ്രൊട്ടോകോൾ ഡീറ്റയിൽ റിപ്പോർട്ട് ഫെയ്‌സ്‌ബുക്കിൽനിന്ന്‌ അന്വേഷക സംഘത്തിന്‌ ലഭിച്ചിട്ടില്ല. കാമുകനായി നടിച്ചു ചാറ്റ് നടത്തിയിരുന്ന രേഷ്മയുടെ അടുത്ത ബന്ധുക്കളായ ആര്യ , ഗ്രീഷ്മ എന്നിവരെ ഇത്തിക്കരയാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇവർ മെസഞ്ചർ വഴി നടത്തിയ ചാറ്റുകളുടെ വിശദവിവരങ്ങളാണ്‌ അന്വേഷണസംഘം ഫെയ്സ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നത്‌.  അതേസമയം, ഫെയ്‌സ്‌ബുക്കിൽനിന്ന്‌ വിവരങ്ങൾ ലഭിക്കാത്തത്‌ കേസിനെ ബാധിക്കില്ലെന്ന്‌ പൊലീസ് പറഞ്ഞു. വീടിന്‌ പിന്നിലെ റബർ തോട്ടത്തിനോട് ചേര്‍ന്നാണ് ജനുവരി അഞ്ചിന് ചോരക്കുഞ്ഞിനെ രേഷ്മ ഉപേക്ഷിച്ചത്. പാരിപ്പളളി മെഡിക്കൽ കോളജ് ആശുപത്രിയിലും തിരുവനന്തപുരം എസ്എടിയിലും പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ്‌ മരിച്ചിരുന്നു. ആറു മാസത്തിനു ശേഷം ഡിഎൻഎ ഫലത്തിലൂടെയാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തിയതും രേഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയതും.

Share this story