'ശബരിമല സ്വർണ്ണ കൊള്ളയിൽ 500 കോടിയുടെ ഇടപാട് നടന്നു, പുരാവസ്തു കള്ളക്കടത്ത് സംഘത്തിൻ്റെ പങ്ക് അന്വേഷിക്കണം, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാർ': കത്തുമായി രമേശ് ചെന്നിത്തല | Sabarimala

ഇന്നലെയാണ് അദ്ദേഹം കത്ത് നൽകിയത്
Ready to reveal more information on Sabarimala gold theft case, says Ramesh Chennithala
Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കത്ത് നൽകി. 500 കോടി രൂപയുടെ ഇടപാട് നടന്നതായും പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ പങ്ക് അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.(Ready to reveal more information on Sabarimala gold theft case, says Ramesh Chennithala)

കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാണ്. ഇതേക്കുറിച്ച് നേരിട്ട് അറിവുള്ള വ്യക്തിയെ അന്വേഷണവുമായി സഹകരിപ്പിക്കാം. പുരാവസ്തു സാധനങ്ങൾ മോഷ്ടിച്ച് കരിഞ്ചന്തയിൽ കൊണ്ടുപോയി വിൽക്കുന്ന സംഘങ്ങളെക്കുറിച്ച് നേരിട്ട് അറിയാവുന്ന വ്യക്തിയെ തനിക്കറിയാം.

ഇയാൾ പൊതുജനമധ്യത്തിൽ വന്ന് കാര്യങ്ങൾ വെളിപ്പെടുത്താൻ തയ്യാറല്ലെങ്കിലും അന്വേഷണ സംഘത്തോടും കോടതിയിലും വന്ന് മൊഴി നൽകാൻ തയ്യാറാണ്. സംസ്ഥാനത്തെ ചില വ്യവസായികൾക്കും റാക്കറ്റുകൾക്കും സ്വർണക്കൊള്ളയുമായി ബന്ധമുണ്ട്. ദേവസ്വം ബോർഡിലെ ചില ഉന്നതർക്ക് ഈ റാക്കറ്റുമായുള്ള ബന്ധം അന്വേഷിക്കണമെന്നും പുരാവസ്തു സംഘങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ വരണമെന്നും രമേശ് ചെന്നിത്തലയുടെ കത്തിൽ പറയുന്നു.

താൻ സ്വതന്ത്രമായി പരിശോധിച്ചു കൊണ്ടാണ് ഇത്തരം കാര്യങ്ങൾ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെയാണ് രമേശ് ചെന്നിത്തല എസ്ഐടിക്ക് കത്ത് നൽകിയത്. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് ബദറുദ്ദീൻ ഉൾപ്പെട്ട സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകിയത്. സന്നിധാനത്തെ അമൂല്യവസ്തുക്കളിൽ നിന്ന് സ്വർണം കവർന്നതിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട വൻ തോക്കുകൾ പുറത്തുവരാനുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളുന്നതെന്നും ഉത്തരവിൽ പറയുന്നു. ഇരുവർക്കും ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള എസ്ഐടിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അന്വേഷണവുമായി സഹകരിക്കാമെന്നുമായിരുന്നു ജയശ്രീയുടെ നിലപാട്. ഉദ്യോഗസ്ഥനെന്ന നിലയിൽ മേൽത്തട്ടിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച് ഫയൽ നീക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീകുമാറിന്റെ വാദം.

Related Stories

No stories found.
Times Kerala
timeskerala.com