റെയില്‍വേ ടിക്കറ്റ് കൗണ്ടർ സേവനം ചുരുക്കി
Wed, 24 May 2023

മലപ്പുറം: കോട്ടപ്പടി ബസ് സ്റ്റാന്‍ഡിലെ ജനസേവന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ ടിക്കറ്റ് കൗണ്ടറിന്റെ പ്രവര്‍ത്തനം വെട്ടിച്ചുരുക്കി. ആഴ്ചയില്‍ ആറുദിവസം തുറന്നിരുന്ന കൗണ്ടര്‍ ഈ മാസം ഒന്നു മുതല്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. മലപ്പുറത്തെ കൗണ്ടറില്‍ അപേക്ഷകര്‍ കുറവാണെന്നാണ് ദിവസങ്ങള്‍ വെട്ടിക്കുറക്കാനുള്ള കാരണമായി റെയില്‍വേ പറയുന്നത്. എന്നാല്‍ നിരവധി ആളുകള്‍ക്ക് ആശ്രയമാണ് കേന്ദ്രം.
ജില്ലാ ആസ്ഥാനത്തെ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വെട്ടിച്ചുരുക്കിയതില്‍ ഇതിനകം പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുള്ള മലപ്പുറത്തു ജോലിചെയ്യുന്ന ദൂരദേശങ്ങളിലെ ജീവനക്കാര്‍ക്ക് എന്നും ആശ്രയമായിരുന്നു ഈ കേന്ദ്രം. ഇവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട്. കേന്ദ്രങ്ങളില്‍ ബുക്ക് ചെയ്യാന്‍ അനുവദിച്ച സമയത്തിന്റെ 15 മിനിറ്റ് കഴിഞ്ഞാല്‍ മാത്രമേ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ സാധിക്കൂ. അതുകൊണ്ട് തിരക്കുള്ള സമയങ്ങളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ലഭിക്കാന്‍ സാധ്യത കുറവാണ്.